ന്യൂഡല്‍ഹി : ബിസിസിഐ ജനറല്‍ മാനേജര്‍ ആര്.പി സാഹ രാജിവെച്ചു. സുപ്രീംകോടതി നിയോഗിച്ച മുന്‍ സിഎജി വിനോദ് റായിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ ഇടപെടലാണ് സാഹയുടെ രാജിയില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ബോർഡിന്റെ വാണിജ്യപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന സമിതിയിലെ പ്രമുഖനാണ് സാഹ. ബിസിസിഐക്ക് മൂന്ന് മാനേജർമാരാണുള്ളത്. ഭരണനിർവഹണ സമിതിയെ വിനോദ് റായി സമിതി ദുർബലപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാജി. എന്നാൽ തന്റെ രാജി വ്യക്തിപരമാണെന്നും മൂന്നു മാസം മുന്‍പുതന്നെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നെന്നും സാഹ പറഞ്ഞു. പ്രായാധിക്യത്താലുള്ള ക്ഷീണം മൂലമാണ് രാജിവയ്ക്കുന്നത്. തനിക്ക് ഇപ്പോൾ 61 വയസുണ്ട്. പുനെയിൽ താമസിക്കുന്ന തനിക്ക് നിരന്തരം മുംബൈയിലേക്ക് യാത്രചെയ്യാൻ പ്രയാസമാണ്. ഏതെങ്കിലും തരത്തിലുള്ള സമ്മർദമോ പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും സാഹ പറഞ്ഞു.