കൊച്ചി: ചെന്തമിഴ് ശീലുകള്‍ക്കൊപ്പം വാദ്യോപകരണങ്ങളുടെ താളം, അതിനൊത്ത ചുവടുകള്‍, ചവിട്ടു നാടകമെന്ന കലാരൂപത്തിന്റെ താളമായിരുന്നു ഞായറാഴ്ച രാത്രിയില്‍ കൊച്ചി മുസിരിസ് ബിനാലെയ്ക്ക്. തമ്പി പയ്യപ്പിള്ളിയെന്ന ആശാന്റെ നേതൃത്വത്തില്‍ ഗോത്തുരുത്ത് ചവിട്ടു നാടക സമിതിയാണ് ബിനാലെ വേദിയായ കബ്രാള്‍ യാര്‍ഡില്‍ ചവിട്ടുനാടകം അവതരിപ്പിച്ചത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന കാള്‍സ്മാന്റെ കഥയായിരുന്നു അവതരണം. പോര്‍ച്ചുഗീസ് അധിനിവേശത്തോടൊപ്പമാണ് ചവിട്ടു നാടകത്തിന്റെയും ചരിത്രം. സാംസ്‌കാരികമായ അധിനിവേശം സ്ഥാപിക്കുന്നതിനു വേണ്ടിയാണ് പ്രാദേശികമായ ഘടകങ്ങള്‍ കടമെടുത്ത് പോര്‍ച്ചുഗീസുകാര്‍ ചവിട്ടുനാടകത്തിന് രൂപം നല്‍കിയത്. കര്‍ണാടകത്തില്‍ പ്രചാരത്തിലുള്ള യക്ഷഗാനത്തില്‍നിന്ന് ഉടയാടകളും മേക്കപ്പും, കളരിപ്പയറ്റില്‍ നിന്ന് ചുവടുകള്‍, തമിഴകത്തുനിന്ന് ഈരടികള്‍ എന്നിവയാണ് ചവിട്ടുനാടകത്തിന്റെ ചേരുവകള്‍.
ബൈബിള്‍ കഥകളാണ് മുഖ്യമായും ചവിട്ടുനാടകങ്ങളുടെ ഇതിവൃത്തം. വൈപ്പിന്‍ ദ്വീപിലെ ഗോത്തുരുത്തിലാണ് ചവിട്ടുനാടകം ആവിര്‍ഭവച്ചതെന്നു കരുതപ്പെടുന്നു. 1954-ല്‍ രൂപം കൊണ്ട ചവിട്ടുനാടക സമിതി പ്രവര്‍ത്തിക്കുന്നത് ഈ പാരമ്പര്യം പേറിയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ സമിതിയും ഇതു തന്നെ. പാശ്ചാത്യ സ്വഭാവമുള്ള കഥകളും പ്രാദേശികമായ അവതരണവുമാണ് ചവിട്ടുനാടകത്തിന്റെ പ്രത്യേകതയെന്ന് തമ്പിയാശാന്‍ പറയുന്നു. വിദേശങ്ങളിലെ ഓപ്പറകളുമായി ഇതിന് വളരെ സാമ്യമുണ്ട്. കഴിഞ്ഞ 35 വര്‍ഷമായി ചവിട്ടുനാടകം അവതരിപ്പിച്ചു വരികയാണ് തമ്പിയാശാന്‍. എട്ടാം നൂറ്റാണ്ടില്‍ റോം ഭരിച്ചിരുന്ന കാള്‍സ്മാന്‍ ചക്രവര്‍ത്തി ജനങ്ങളുടെ രക്ഷകനായാണ് അറിയപ്പെട്ടിരുന്നത്. കാള്‍സ്മാനെ തോല്‍പ്പിക്കാനായുള്ള തുര്‍ക്കിരാജാവിന്റെ വിഫല യുദ്ധമാണ് കഥയുടെ പശ്ചാത്തലം. ചവിട്ടുനാടകത്തിലെ ഏറ്റവും ജനപ്രിയമായ നാടകം കാള്‍സ്മാന്‍ ചക്രവര്‍ത്തിയുടേതാണെന്ന് ആശാന്‍ പറഞ്ഞു. ഇതിന്റെ തിരക്കഥ പതിനാറാം നൂറ്റാണ്ടില്‍ എഴുതിയതാണെന്ന് പറയപ്പെടുന്നു.
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തുന്നത്. പതിനാറാം നൂറ്റാണ്ടോടെ ഭരണം ഏകദേശം അവരുടെ കയ്യിലായി. വ്യക്തമായ അതിര്‍ത്തിയോ ഭാഷയോ ഇല്ലാതെ കഴിഞ്ഞിരുന്ന ജനതയെ സ്വാധീനിക്കാനാണ് മതപ്രചാരകര്‍ ഇത്തരത്തിലൊരു കലാരൂപം സൃഷ്ടിച്ചത്. തുറകളില്‍ കഴിഞ്ഞിരുന്നവരിലധികവും മലയാളവും തമിഴും കൂട്ടിക്കലര്‍ന്നാണ് സംസാരിച്ചിരുന്നത്. അതിനാല്‍ തന്നെ ചെന്തമിഴിലാണ് ചവിട്ടുനാടകത്തിന്റെ ഈരടികളെല്ലാമെന്ന് തമ്പിയാശാന്‍ ചൂണ്ടിക്കാണിച്ചു. ചവിട്ടുനാടകം 1980 ഓടെ ഏതാണ്ട് കേരളത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന ഭീഷണി നിലനില്‍ക്കെയാണ് അതിനൊരു നവോത്ഥാനം ഉണ്ടാകുന്നത്. യുവാക്കളുടെ പ്രാതിനിധ്യത്തോടെ ചവിട്ടുനാടകം അതിന്റെ പഴയ പ്രൗഢിയിലേക്ക് തിരികെ വന്നു. ബിനാലെ പോലൊരു അന്താരാഷ്ട്രവേദിയില്‍ ചവിട്ടുനാടകം കളിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമാണെന്ന് തമ്പിയാശാന്‍ പറഞ്ഞു.