കായംകുളം : മന്ത്രി ജി.സുധാകരനെ ബിജെപി കൗണ്‍സിലർമാരുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചതിനെത്തുടർന്ന് കായംകുളത്ത് ഏറ്റുമുട്ടൽ. കരിങ്കൊടി കാണിച്ച ബിജെപിക്കാരെ നേരിടാൻ ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്ത് എത്തിയതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇവർ കരിങ്കൊടി കാണിച്ചവരെ കൈയേറ്റം ചെയ്തു. കേന്ദ്ര സർക്കാരിന്‍റെ ഭവന നിർമാണ പദ്ധതിയുടെ ധനസഹായ വിതരണത്തിനാണ് മന്ത്രി എത്തിയത്. കായംകുളം ടൗണ്‍ഹാളിലായിരുന്നു പരിപാടി. എന്നാൽ, പരിപാടിയിലോ ഫ്ളെക്സിലോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമോ പേരോ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ബിജെപിക്കാരുടെ പ്രതിഷേധം.
പോലീസ് എത്തി പ്രതിഷേധക്കാരെ നീക്കം ചെയ്തതോടെയാണ് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവായത്. സംഘർഷത്തിൽ പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.