ബംഗലൂരു: ബംഗലൂരുവിൽ നിന്ന് ചെന്നൈ സെൻട്രൽ ജയിലിലേക്ക് മാറാൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി കെ ശശികല നീക്കം തുടങ്ങി. പരപ്പന അഗ്രഹാര ജയിലിൽ നിന്ന് മാറ്റം ആവശ്യപ്പെട്ട് ശശികല ഉടൻ അപേക്ഷ സമർപ്പിച്ചേക്കും. അപേക്ഷ പരിഗണനയ്ക്കെത്തിയാൽ കർണാടക സർക്കാർ എതിർക്കില്ലെന്നാണ് സൂചന.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികലയെ പരപ്പന അഗ്രഹാര ജയിലിലാക്കിയതുമുതൽ അവരുടെ ജയിൽ മാറ്റവും ചർച്ചയായിരുന്നു. കൂടുതൽ സൗകര്യങ്ങൾ പരപ്പന ജയിലിൽ വേണമെന്ന ആവശ്യം തളളിയതും തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും ജയിൽ മാറ്റ ചർച്ചകൾക്ക് കാരണമായി. തമിഴ്നാട്ടിൽ പളനിസ്വാമി മന്ത്രിസഭ വിശ്വാസവോട്ട് നേടി അധികാരമേറ്റതോടെ ജയിൽ മാറാനുളള നീക്കങ്ങളും സജീവമായതായാണ് വിവരം.അഭിഭാഷകരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ ശശികല പരപ്പന അഗ്രഹാര ജയിൽ സൂപ്രണ്ടിന് ഉടൻ അപേക്ഷ സമർപ്പിച്ചേക്കും.ജയിലിലെത്തി ശശികലയെ കണ്ട എഐഎഡിഎംകെ ഡെപ്യൂട്ടി ജനൽ സെക്രട്ടറി ടിടിവി ദിനകരനും ജയലളിതയുടെ ബന്ധു ദീപക് ജയകുമാറും ഇക്കാര്യം അവരുമായി സംസാരിച്ചെന്നാണ് അറിയുന്നത്. ശശികലക്കൊപ്പം ഇളവരസിയും സുധാകരനും ജയിൽ മാറ്റത്തിന് അപേക്ഷ നൽകും. പരപ്പന ജയിലിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാവും ഇത്.ജയിലിലേക്ക് എത്തിയ ദിവസം തങ്ങളുടെ വാഹനങ്ങൾക്ക് നേരെ ജയിലിന് പുറത്തുണ്ടായ അക്രമസംഭവങ്ങൾ ഇതിന് ഉദാഹരണമായി ശശികലയും കൂട്ടുപ്രതികളും നിരത്തിയേക്കും. അപേക്ഷ പരിഗണനയ്ക്ക് എത്തിയാൽ കർണാടകത്തിലെ കോൺഗ്രസ് സർക്കാർ എതിർക്കില്ലെന്നാണ് സൂചന.. ഇരുസംസ്ഥാനങ്ങളും ഒരേ നിലപാടെടുത്താൻ ചെന്നൈയിലേക്ക് മാറുക എളുപ്പമാകുമെന്ന് എഐഎഡിഎംകെ കണക്കുകൂട്ടുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ശശികലയെ കാണാൻ വൈകാതെ പരപ്പന ജയിലിൽ എത്തിയേക്കും.