നാദാപുരം പുറമേരിയില്‍ മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. കോഴിക്കോട് വെള്ളയില്‍ സ്വദേശിനി ഷെമീനയാണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ശനിയാഴ്ചയാണ് ഷെമീനക്ക് മന്ത്രവാദത്തിനിടെ പൊള്ളലേറ്റത്. പുറമേരിയിലെ നജ്മയയെന്ന യുവതിയാണ് മന്ത്രവാദം നടത്തിയത്. നജ്മയുടെ വീട്ടിലൊരുക്കിയ ഹോമകുണ്ഡത്തിലേക്ക് പെട്രോള്‍ ഒഴിക്കുന്നതിനിടെ ഷെമീനയുടെ വസ്ത്രങ്ങള്‍ക്ക് തീപിടിക്കുകയായിരുന്നു. ഗുരുതരമായ പൊള്ളലേറ്റ ഷെമീനയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെയാണ് ഷെമീന മരിച്ചത്. മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.പുനര്‍ വിവാഹം നടക്കാതിരുന്നതിനെ തുടര്‍ന്നാണ് മന്ത്രവാദം നടത്തുന്ന നജ്മയെ ഷെമീന സമീപിച്ചത്. ഷെമീനയുടെ ബന്ധുക്കളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തിങ്കളാഴ്ച നാദാപുരം പൊലീസെത്തി അറസ്റ്റ് ചെയ്ത നജ്മ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 308, 324 വകുപ്പുകളനുസരിച്ചാണ് നജ്മക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. മനഃപൂര്‍വ്വം അല്ലാത്ത നരഹത്യാ, ആയുധമോ മറ്റെന്തെങ്കിലും വസ്തുക്കളോ ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 12 വയസ്സുള്ള തന്റെ മകളെ ഉപയോഗിച്ചാണ് നജ്മ മന്ത്രവാദം നടത്താറുള്ളതെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.