കൊച്ചി : കൊച്ചിക്ക് പരിചിതമായ കാപ്പിരി മുത്തപ്പനെക്കുറിച്ചുള്ള ഓര്‍മകള്‍ ഒരു ഡച്ച് കലാകാരന്റെ ഭാവനയില്‍ എങ്ങനെ വിരിയുന്നുവെന്നറിയണമെങ്കില് ബിനാലെയിലേക്ക് പോകുക. ‘ഡ്വെല്ലിംഗ് കാപ്പിരി സ്പിരിറ്റ്സ്’ എന്ന പേരില്‍ സമയത്തില്‍ ഉറഞ്ഞുനില്ക്കുന്ന ഒരു നിമിഷമാണ് ഗബ്രിയേല്‍ ലെസ്റ്റര്‍ സൃഷ്ടിച്ചിരിക്കുന്നത്. തകര്‍ന്നുവീഴുന്നതോ ചരിഞ്ഞുകൊണ്ടിരിക്കുന്നതോ ആയ ഒരു ഒറ്റമുറി വീടാണിത്. കരിച്ച മരത്തടി (Burnt wood) ഉപയോഗിച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. തുണി കര്‍ട്ടനുകള്‍ അക്രിലിക് ഉപയോഗിച്ച് കട്ടിയാക്കി കാറ്റുപിടിച്ചുനില്‍ക്കുന്ന പായപോലെ ജനലകളില്‍ നിന്ന് അകത്തി നിര്‍ത്തിയിരിക്കുന്നു. വീട് മുന്നോട്ടുവീണുകൊണ്ടിരിക്കുന്ന രീതിയിലാണുള്ളത്. ഏതുനിമിഷവും നിലംപൊത്തും എന്നു തോന്നും. ഒപ്പം, സമയം നിലച്ചുപോയ അനുഭവവും ഇന്സ്റ്റലേഷന് നല്കുന്നു. മുറിയുടെ മധ്യഭാഗത്തായി എപ്പോഴും എരിയുന്ന ഒരു പുകയില ചുരുട്ടും സ്ഥാപിച്ചിട്ടുണ്ട്.
കാപ്പിരി പാരമ്പര്യം അനുസരിച്ച് ഈ എരിയുന്ന പുകയിലച്ചുരുട്ട് മണ്മറഞ്ഞ കാപ്പിരി ആത്മാക്കള്‍ക്കുള്ള തര്പ്പണമാണെന്ന് ഗബ്രിയേല്‍ ലെസ്റ്റര്‍ പറയുന്നു. മറ്റൊരു ഭൗതിക സ്മാരകവും അവശേഷിപ്പിക്കാതെ കടന്നുപോയവര്ക്കുള്ള സ്മാരകമാണ് തന്റെ സൃഷ്ടി. കൊച്ചിയുടെ നാവികകാല പാരമ്പര്യവും അടിമക്കച്ചവടത്തിന്റെ ചരിത്രവുമെല്ലാം ഈ സൃഷ്ടിയില്‍ പ്രതിഫലിക്കുന്നുണ്ട്. അടിമകളും കാപ്പിരികളുമൊന്നും കേരളത്തിനും അന്യമല്ല. അതുകൊണ്ട് തന്നെ ബിനാലെയിലേക്ക് ഏറ്റവും അനുയോജ്യമായതെന്ന നിലയിലാണ് ഡ്വെല്ലിംഗ് കാപ്പിരി സ്പിരിറ്റ് എന്ന സൃഷ്ടി ഇവിടെ അവതരിപ്പിക്കുന്നതെന്ന് ലെസ്റ്റര്‍ പറയുന്നു.
പശ്ചിമകൊച്ചിയില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന വിശ്വാസമാണ് കാപ്പിരി മുത്തപ്പന്. ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പു വഴി ഇന്ത്യയിലെത്തിയ പോര്‍ച്ചുഗീസുകാര്‍ ആഫ്രിക്കന്‍ വംശജരെ അടിമകളാക്കി കൂടെ കൊണ്ടുവന്നിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ഡച്ചുകാര്‍ വന്നതോടെ കേരളതീരത്തുനിന്ന് പോര്‍ച്ചുഗീസുകാര്‍ക്ക് പെട്ടെന്ന് പിന്‍വാങ്ങേണ്ടിവന്നു. ധനമെല്ലാം പലയിടങ്ങളിലായി കുഴിച്ചിട്ട ഇവര്‍ നിധിക്ക് കാവലായി കാപ്പിരി അടിമകളില്‍ ഒരോരുത്തരെ ഒപ്പം കുഴിച്ചിട്ടെന്നും ഈ പ്രേതാത്മാക്കള്‍ കാപ്പിരി മുത്തപ്പന്മാരായി എന്നുമാണ് കഥ. കൊച്ചിയില്‍ പലയിടത്തും ഇത്തരം മുത്തപ്പന്മാരെ ആരാധിക്കുന്ന മുത്തപ്പന് മാടങ്ങളുണ്ട്.
ഫോര്‍ട്ട് കൊച്ചിക്ക് പരിചിതമായ കഥ അവതരിപ്പിക്കുന്ന കലാകാരന്റെ പ്രവര്‍ത്തനമേഖല നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാം ആണ്. സംഗീതം, സിനിമ, ഇന്‍സ്റ്റലേഷനുകള്‍, പെര്‍ഫോമന്‍സ് ആര്‍ട്ട്, ശില്‍പ്പകല, ആര്‍ക്കിടെക്ച്ചര്‍, ഫോട്ടോഗ്രാഫി, ഗദ്യരചന എന്നീ രംഗങ്ങളില്‍ ലെസ്റ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ക്യാമറ കൈയിലില്ലാത്ത ഫിലം മേക്കറായാണ് താന്‍ ബിനാലെയില്‍ എത്തിയതെന്ന് ലെസ്റ്റര്‍ പറയുന്നുണ്ട്. ഭൗതികമായ വസ്തുക്കളിലൂടെ ഒരു സിനിമയ്ക്കുള്ളില്‍ നില്ക്കുന്ന പ്രതീതി കാണിയില്‍ ജനിപ്പിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. മുറിയ്ക്കുള്ളില്‍ കയറിനില്‍ക്കുന്ന കാണിക്ക് വെര്‍ട്ടിഗോ അനുഭവപ്പെടുന്നതുപോലും വിഭാവനം ചെയ്തതുതന്നെയാണെന്ന് കലാകാരന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. പരീക്ഷണ സിനിമയില്‍ പ്രവര്‍ത്തിച്ച അനുഭവം ലെസ്റ്റര്‍ തന്റെ ഇന്‍സ്റ്റലേഷനുകളിലേക്ക് കൊണ്ടുവരുന്നുണ്ട്. നിശബ്ദത പോലും ഉറഞ്ഞുകൂടിയ നിമിഷത്തിന്റെ പശ്ചാത്തല സംഗീതമാവുകയാണെന്നും അദ്ദേഹം പറയുന്നു.
മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ കൂടിയാണ് തന്റെ സൃഷ്ടിയുടെ അനുഭവം സന്ദര്‍ശകരിലേക്ക് ഗബ്രിയല് ലെസ്റ്റര്‍ എത്തുന്നത്. ഇവിടെ കാറ്റില്ല, പക്ഷേ ഈ ജനലിലെ കര്‍ട്ടനുകള്‍ കാറ്റുപിടിച്ചു വീശിനില്ക്കുന്നപോലെ കാണിക്ക് അനുഭവപ്പെടുന്നു. സമയം കടന്നുപോകുന്നുണ്ട്. പക്ഷേ വീഴുന്നതിനു തൊട്ടുമുന്‍പത്തെ നിമിഷത്തില്‍ മുറി ഉറച്ചുപോകുന്നതിനാല് സമയം നിശ്ചലമായ അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. അങ്ങനെ, തങ്ങളുടെ അനുഭവവും കൂടിച്ചേര്‍ന്ന് കാണികളുടെ കൂടി സൃഷ്ടിയാവുകയാണ് ഡ്വെല്ലിംഗ് കാപ്പിരി സ്പിരിറ്റ്സ് എന്നും ലെസ്റ്റര്‍ കൂട്ടിച്ചേര്‍ക്കുന്നു.