ബംഗളുരു: ബംഗളുരുവിലെ ജയിലില്‍ കഴിയുന്ന ശശികലക്ക് ജയിലില്‍ സൗകര്യങ്ങള്‍ പോര. തന്റെ മോശം ആരോഗ്യവും പ്രായവും പരിഗണിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ തനിക്ക് ജയിലില്‍ അനുവദിക്കണമെന്ന് കാണിച്ച് ശശികല അപേക്ഷ നല്കി. സെല്ലില്‍ കട്ടിലും മെത്തയും വേണം. പിന്നെ ഒരു ടേബിള്‍ ഫാനും അറ്റാച്ച്ഡ് ബാത്ത്റൂമും. ഇത്രയുമാണ് ശശികല പുതുതായി ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, ആവശ്യമുള്ളപ്പോള്‍ ഡോക്ടറുടെ സേവനവും മിനറല്‍ വാട്ടറും ആഴ്ചയില്‍ രണ്ട് തവണ മാംസാഹാരവും വേണമെന്ന് ശശികല ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ നിരസിച്ചു. സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ജയിലില്‍ ശശികലയ്ക്ക് ലഭിക്കുന്നത്. തന്നെ തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റണമെന്നും ശശികല ആവശ്യപ്പെടുന്നുണ്ട്. തന്റെ വിശ്വസ്തന് എടപ്പാടി പളനിസ്വാമി ഭരിക്കുന്ന തമിഴ്നാട്ടിലേക്ക് മാറാനായാല്‍ പിന്നെ തടവുകാലവും ശശികലയ്ക്ക് സുഖവാസമായി മാറുമെന്നാണ് തമിഴ്നാട്ടിലെ പ്രതിപക്ഷം ആരോപിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷത്തെ തടവ് ശിക്ഷയാണ് ശശികലയ്ക്ക് അനുഭവിക്കാനുള്ളത്. ഇതില്‍ 21 ദിവസം നേരത്തെ ജയലളിതക്കൊപ്പം ശശികല ജയിലില്‍ കിടന്നിട്ടുണ്ട്. സുപ്രീം കോടതി വിധി അനുസരിച്ച് 10 കോടി പിഴയടച്ചില്ലെങ്കില്‍ 13 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.