ഗാസിയാബാദ്: രാജ്യത്തെ ഇളക്കി മറിച്ച് 251 രൂപയുടെ സ്മാര്‍ട്ട്ഫോണിന്റെ നിര്‍മാതാവും റിങ്ങിങ് ബെല്‍സ് കമ്പനി എംഡിയുമായ മോഹിത് ഗോയല്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍. ഗാസിയാബാദിലെ അയാം എന്റര്‍പ്രൈസസ് എന്ന കമ്പനി നല്‍കിയ പരാതിയിലാണ് ഗോയലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഫ്രീഡം ഫോണിന്റെ വിതരണക്കാരാവാനായി റിങ്ങിങ് ബെല്‍സിന് പലപ്പോഴായി 30 ലക്ഷത്തോളം രൂപ നല്‍കിയെന്നും എന്നാല്‍ 13 ലക്ഷം രൂപയുടെ ഫോണുകള്‍ മാത്രമെ തങ്ങള്‍ക്ക് കമ്പനി നല്‍കിയുള്ളൂവെന്നും അയാം എന്റര്‍പ്രൈസസ് നല്‍കിയ പരാതിയില്‍ പറയുന്നു. പണമോ ഫോണുകളോ നല്‍കണമെന്ന് വീണ്ടും വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമെന്ന വിശദീകരണത്തോടെയാണ് ഇവര്‍ 251 രൂപയ്‌ക്ക് ഫോണ്‍ വില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. 251 രൂപക്ക് ഫോണ്‍ വില്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് 35 രൂപയ്‌ക്കടുത്ത് ലാഭം കിട്ടുമെന്ന് പറഞ്ഞ് കമ്പനി അധികൃതര്‍ വീണ്ടും രാജ്യത്തെ ജനങ്ങളെ ഞെട്ടിച്ചു.ലോകത്ത് ഒരു കമ്പനിയും മുന്നോട്ടുവയ്‌ക്കാത്ത ഓഫറുകളാണ് ഫ്രീഡം 251 സ്മാര്‍ട്ട്ഫോണ്‍ മുന്നോട്ടുവച്ചിരുന്നത്. തുച്ഛമായ വിലയാണെങ്കിലും കമ്പനി വാഗ്ദാനം ചെയ്ത സെറ്റിന്റെ ഫീച്ചറുകള്‍ അത്ര മോശമായിരുന്നില്ല. 1 ജിബി റാമില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്സെറ്റില്‍ 8 ജിബി ഇന്റേണല്‍ സ്റ്റോറെജ് ശേഷിയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇത് 32 ജിബി വരെ ഉയര്‍ത്താനും കഴിയും. 3.2 മെഗാപിക്‌സല്‍ പിന്‍ക്യാമറ, 0.3 മെഗാപിക്‌സല്‍ മുന്‍ക്യാമറ എല്ലാം അദ്ഭുതമായിരുന്നു. ക്യുഎച്ച്ഡി ഐപിഎസ് ഡിസ്‌പ്ലെയുള്ള ഹാന്‍ഡ്സെറ്റില്‍ ചിത്രങ്ങള്‍, വിഡിയോ, ഗെയിംസ് എന്നിവയ്‌ക്ക് പ്രത്യേകം ഫീച്ചറുകളുമുണ്ടെന്നായിരുന്നു കമ്പനി അവകാശപ്പെട്ടിരുന്നത്. ഒരു വര്‍ഷം വാറന്റിയും കമ്പനി നല്‍കിയിരുന്നു.ഇന്ത്യയില്‍ 650ല്‍ കൂടുതല്‍ സര്‍വീസ് സെന്ററുകളുണ്ടെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.