ലണ്ടൻ∙ 2001ലെ ഇന്ത്യന്‍ പാർലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ആണവയുദ്ധത്തിന് സാധ്യതയുള്ളതായി ബ്രിട്ടൻ ഭയപ്പെട്ടിരുന്നതായി റിപ്പോർട്ട്. ഇതേത്തുടർന്ന് സൈനിക നടപടികളിൽ നിന്ന് ഇരുരാജ്യങ്ങളെയും പിന്തിരിപ്പിക്കാൻ ബ്രിട്ടൻ ശ്രമിച്ചിരുന്നതായും മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോയാണ് വെളിപ്പെടുത്തിയത്.
റാഖ് അധിനിവേശത്തിന്റെ സമയത്ത് നിലനിന്നിരുന്ന മറ്റു വിഷയങ്ങളേക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ആണവയുദ്ധത്തിന് സാധ്യതയുണ്ടെന്ന് ബ്രിട്ടൻ ഭയപ്പെട്ടിരുന്നതായി ജാക്ക് സ്ട്രോ വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് ഇരുരാജ്യങ്ങളെയും സൈനികനീക്കങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു താനെന്ന് സ്ട്രോ കമ്മിഷനെ അറിയിച്ചു. അന്നത്തെ യുഎസ് വിദേശകാര്യ സെക്രട്ടറി കോളിൻ പവലുമായുള്ള തന്റെ ബന്ധം ഇതുമൂലം കൂടുതൽ വളർന്നതായും സ്ട്രോ വെളിപ്പെടുത്തി. അന്വേഷണ കമ്മിഷന് 2010ൽ കൈമാറിയ കത്തിലാണ് സ്ട്രോ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
2001 ഡിസംബറിൽ ഇന്ത്യൻ പാർലമെന്റിനുനേരെ ഭീകരാക്രമണമുണ്ടായത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുക്കുമെന്നും ഇത് ആണവയുദ്ധത്തിലേക്കുവരെ നയിച്ചേക്കാമെന്നും ബ്രിട്ടനും യുഎസും ആശങ്കപ്പെട്ടു. തുടർന്ന് പ്രശ്നം പരിഹരിക്കാൻ യുഎസ് വിദേശകാര്യ സെക്രട്ടറി കോളിൻ പവലുമൊത്ത് താൻ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹവുമായുള്ള ബന്ധം കൂടുതൽ വളർത്തിയതെന്ന് സ്ട്രോ വ്യക്തമാക്കി. ഇറാഖിലെ പ്രശ്നങ്ങളേക്കാൾ തന്റെയും യുഎസ് സെക്രട്ടറിയുടെയും ആശങ്കയത്രയും ഇന്ത്യ-പാക്ക് ബന്ധത്തെക്കുറിച്ചായിരുന്നു. ആണവയുദ്ധത്തിനുപോലും സാധ്യതയുണ്ടെന്ന് ആശങ്ക ഉയർന്നതിനാൽ അതു പരിഹരിക്കുന്നതിനായിരുന്നു അന്ന് യുഎസിന്റെയും ബ്രിട്ടന്റെയും മുൻഗണനയെന്നും സ്ട്രോ വെളിപ്പെടുത്തി.