കോയമ്പത്തൂര്‍: കൊച്ചിയില്‍ വെച്ച് നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതികളായ പള്‍സര്‍ സുനിക്കും കൂട്ടാളി വിജേഷിനും തമിഴ്നാട്ടില്‍ ഒളിത്താവളമൊരുക്കിയ സുഹൃത്ത് ഒളിവില്‍. കണ്ണൂര്‍ സ്വദേശി ചാര്‍ലിയാണ് തെളിവെടുപ്പിനായി പോലീസ് എത്തുന്നതറിഞ്ഞത് ഒളിവില്‍ പോയത്. കോയമ്ബത്തൂര്‍ പീളമേടിലെ ശ്രീറാം നഗറില്‍ ചാര്‍ലിയുടെ വാടകവീട്ടിലാണ് സുനിയും വിജേഷും ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നും പോലീസ് ഒരു മൊബൈല്‍ ഫോണും ടാബ്ലറ്റും കണ്ടെടുത്തു. ഇന്ന് തമിഴ്നാട്ടിലെത്തി തെളിവെടുപ്പ് നടത്തിയതോടെ പള്‍സര്‍ സുനിയെയും കൂട്ടാളി വിജേഷിനെയും കൊണ്ടുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. പള്‍സര്‍ സുനിയും വിജേഷും കോടതിയിലെത്താന്‍ ഉപയോഗിച്ച ബൈക്കിന്റെ ഉടമയെ നേരത്തെ കണ്ടെത്തിയിരുന്നു.
തമിഴ്നാട് റജിസ്ട്രേഷനിലുള്ള (ടിഎന്‍ 04 ആര്‍ 1496) കറുത്ത പള്‍സര്‍ ബൈക്കിലാണ് സുനില്‍കുമാറും വിജേഷും എറണാകുളം അഡീഷനല്‍ സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയത്. കേബിളുകള്‍ മുറിച്ച നിലയിലായിരുന്നു ബൈക്ക് കണ്ടെത്തിയത്. ചാര്‍ലിയോടൊപ്പം താമസിക്കുന്ന ഡിണ്ടിഗല്‍ സ്വദേശി സെല്‍വനാണ് ബൈക്കിന്റെ ഉടമസ്ഥന്‍. ഇവിടെയുള്ള ഒളിസങ്കേതത്തില്‍നിന്ന് ബൈക്കുമായി കൊച്ചിയിലേക്ക് എത്തുകയായിരുന്നു സുനിയും വിജേഷും. തന്റെ ബൈക്ക് മോഷണം പോയിരുന്നതായി സെല്‍വന്‍ പോലീസിനോടു പറഞ്ഞു. പുലര്‍ച്ചെ 4.10 ഓടെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയത്. നടിയെ ആക്രമിച്ചതിനു ശേഷം ഒളിവില്‍ കഴിഞ്ഞപ്പോള്‍ വഴിവക്കിലോ കടത്തിണ്ണയിലോ ഒഴിഞ്ഞ കെട്ടിടത്തിനു മുകളിലോ ആണു രാത്രി കഴിച്ചുകൂട്ടിയതെന്നും സുനി മൊഴി നല്‍കിയിരുന്നു. കയ്യില്‍ പണമില്ലാത്തതിനാലാണ് ലോഡ്ജുകളിലും മറ്റും തങ്ങാതിരുന്നത്. അറസ്റ്റിലാകുന്നതിന്റെ തലേന്നു തന്നെ ജില്ലയിലെത്തിയിരുന്നുവെന്നും കോലഞ്ചേരിയിലെ കെട്ടിടത്തിനു മുകളിലാണു രാത്രി കഴിഞ്ഞതെന്നും ചോദ്യം ചെയ്യലിനിടെ സുനി വെളിപ്പെടുത്തി.