കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ പോലുള്ള കലാസംരംഭങ്ങള്‍ക്ക് പൊതുജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് കലാകാരന്മാരുടെ സര്‍ഗ്ഗശേഷിക്ക് ധൈര്യം പകരുന്നതെന്ന് സംവിധായകന്‍ സിബി മലയില്‍. കുട്ടികളില്‍ പോലും ആസ്വാദന ശേഷി ഉണര്‍ത്താന്‍ പോന്നവയാണ് ബിനാലെ പ്രദര്‍ശനങ്ങളെന്ന് പ്രമുഖ ശില്പി കൂടിയായ സംവിധായകന്‍ രാജീവ് അഞ്ചലും വ്യക്തമാക്കി. ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാന്‍ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ എത്തിയതായിരുന്നു ഇരുവരും. കഴിഞ്ഞ രണ്ട് ലക്കം ബിനാലെ കണ്ട വ്യക്തിയാണ് സിബി മലയില്‍. ഓരോ തവണയും വര്‍ധിച്ചു വരുന്ന പൊതുജന പങ്കാളിത്തം പ്രതീക്ഷ നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വര്‍ത്തമാനകാലത്തെ വെല്ലുവിളികള്‍ക്കിടയിലും കലാരംഗം മികച്ച സൃഷ്ടികളുമായി മുന്നോട്ടു പോകാന്‍ പ്രധാന കാരണം ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലയെ ഉപാസിക്കുന്നവര്‍ മാത്രമല്ല, വലിയ തോതില്‍ പൊതുജനവും ഇവിടേക്കെത്തുന്നു. ഇത് കലാകാരന് പകര്‍ന്നു തരുന്ന ധൈര്യം ചില്ലറയല്ലെന്നും സിബി മലയില്‍ പറഞ്ഞു.
ബിനാലെ പ്രദര്‍ശനങ്ങളിലെ എല്ലാ സൃഷ്ടികളുടെയും പ്രമേയങ്ങള്‍ കലാകാരന്‍ ഉദ്ദേശിച്ച രീതിയില്‍ മനസിലാകണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ആര്‍ട്ടിസ്റ്റും ആസ്വാദകനും തമ്മില്‍ മൂകമായ ആശയവിനിമയം നടക്കുന്നുണ്ട്. സൃഷ്ടടികളെക്കുറിച്ച് ആസ്വാദകര്‍ക്കിടയില്‍ നടക്കുന്ന സംവാദങ്ങള്‍ അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ റൗള്‍ സുറീതയുടെ സീ ഓഫ് പെയിന്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. കലാകാരന്‍ അനുഭവിച്ച വേദനയും സൃഷ്ടിയിലെ അന്ത:സത്തയും പൂര്‍ണമായി ആസ്വാദകനിലേക്കെത്തിക്കാന്‍ സീ ഓഫ് പെയിന്‍-ന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിനാലെ പോലെ സങ്കീര്‍ണമായ പ്രമേയം അടങ്ങുന്ന കലാപ്രദര്‍ശനം കാണാന്‍ കുട്ടികളുമൊത്താണ് വന്നതെന്ന് സംവിധായകന്‍ രാജീവ് അഞ്ചല്‍ പറഞ്ഞു. അവര്‍ ഇതിനെ എങ്ങിനെ കാണുന്നുവെന്ന് അറിയാനുള്ള കൗതുകമായിരുന്നു തനിക്ക്. കുട്ടികളുമായി പോലും സംവദിക്കാന്‍ ബിനാലെ പ്രദര്‍ശനങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പല സൃഷ്ടികളെക്കുറിച്ചും അവര്‍ നല്‍കിയ അഭിപ്രായം മുതിര്‍ന്നവരുടെ കാഴ്ചപ്പാടില്‍ നിന്നും വ്യത്യസ്തവും എന്നാല്‍ അര്‍ഥപൂര്‍ണവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഏതൊരു കലാസൃഷ്ടിയുടെയും നിര്‍ണായക ഘടകം അതിന്റെ പരിസരമാണ്. ഗുരു എന്ന സിനിമ സംവിധാനം ചെയ്യവേ ദുരൂഹമായ പ്രദേശം ഏതായിരിക്കണമെന്ന് ഏറെ ആലോചിച്ചു. ഒടുവില്‍ ഏവര്‍ക്കും പരിചിതമായ സേലത്തെ പാറമടകളാണ് ലൊക്കേഷനായി നിശ്ചയിച്ചത്. ആ സിനിമയെ പൂര്‍ണമായി സ്വാധീനിക്കാന്‍ ആ ലൊക്കേഷന് സാധിച്ചുവെന്ന് നിരൂപകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
സമാനമാണ് ബിനാലെയുടെ കാര്യവും എന്ന് രാജീവ് ചൂണ്ടിക്കാട്ടി. ബിനാലെ വേദികള്‍ അതിന്റെ സ്വഭാവത്തെ പോസറ്റീവായി സ്വാധീനിക്കുന്നു. വെയിലിന്റെ കാഠിന്യത്തിലും തണലിന്റെ ആശ്വാസമാണ് ആസ്പിന്‍വാള്‍ പരിസരം നല്‍കുന്നത്. പ്രദര്‍ശനങ്ങളുടെ ആസ്വാദ്യതയെ ഇത് സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.