ന്യൂഡൽഹി ∙ പാർട്ടിയിൽ ഗ്രൂപ്പിസം ഇനി അനുവദിക്കില്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പാർട്ടിയാണ് വലുത്, അങ്ങനെയുള്ളവർ പാർട്ടിയിൽ നിന്നാൽ മതി. അല്ലാത്തവർക്ക് പാർട്ടിവിട്ടുപോകാമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ നിയമസഭാ തിരിഞ്ഞെടുപ്പ് തോൽവിക്ക് കൂട്ടുത്തരവാദിത്തമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ പിന്തുണച്ചും രാഹുൽ രംഗത്തെത്തി. ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തിയോ ഒറ്റപ്പെടുത്തിയോ സംസാരിക്കരുതെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ പറഞ്ഞു.
ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വയ്പുണ്ടാകില്ലെന്നും കേരളത്തിലെ ജംബോ കമ്മിറ്റികൾ പിരിച്ചുവിടുണമെന്നും അദ്ദേഹം അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ കേരള നേതാക്കളുമായി നടത്തിയ വിശാല യോഗത്തിലാണ് രാഹുലിന്റെ പ്രതികരണം. എല്ലാവരെയും ഒരുമിച്ചു കണ്ട രാഹുൽ പിന്നീട് കുറേ നേതാക്കളുമായി ഒറ്റയ്ക്കും ചർച്ച നടത്തി. ഡിസിസി പ്രസിഡന്റുമാരെയും കെപിസി സിജനറൽ സെക്രട്ടറിമാരെയും നാളെ പ്രത്യേകം ചർച്ചയ്ക്ക് വിളിച്ചിട്ടുമുണ്ട്.
പാർട്ടിയുടെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള എഴുപതോളം നേതാക്കളാണു ക്ഷണിതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്. 15 റഖബ്ഗഞ്ച് റോഡിലെ ‘യുദ്ധമുറി’യിലാണു യോഗം നടന്നത്. കുറച്ചുനാളായി കോൺഗ്രസ് രാഷ്ട്രീയ തന്ത്രങ്ങൾ ചർച്ചചെയ്യുന്നതും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതും ഇവിടെയാണ്. മുൻപു 99 സൗത്ത് അവന്യുവായിരുന്നു പാർട്ടി ‘വാർ റൂം.’ കെപിസിസി വൈസ് പ്രസിഡന്റുമാർ, എംപിമാർ, എംഎൽഎമാർ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ, മുൻ ഗവർണർമാർ, മുൻ കെപിസിസി പ്രസിഡന്റുമാർ, പോഷകസംഘടനാ പ്രസിഡന്റുമാർ എന്നിവരാണു പങ്കെടുത്തത്.
courtesy : manorama online