ചേർത്തല ∙ മൈക്രോ ഫിനാൻസ് പദ്ധതിക്കെതിരെ ചില ദുഷ്ടശക്തികൾ വി.എസ്.അച്യുതാനന്ദനെ തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന പ്രചരണങ്ങൾ സംബന്ധിച്ചു നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതിന് മുഖ്യമന്ത്രിയെ നേരിൽക്കണ്ടു നിവേദനം നൽകാൻ എസ്എൻഡിപി യോഗം കൗൺസിൽ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
2001 മുതൽ പലഘട്ടങ്ങളിലായാണു പിന്നാക്ക വികസന ക്ഷേമ കോർപറേഷൻ 15 കോടി രൂപ വായ്പ നൽകിയത്. ഇതിൽ 10 കോടി നേരത്തെ അടച്ചുതീർത്തിരുന്നു. അവസാനഘട്ടത്തിൽ ലഭിച്ച അഞ്ചു കോടി സംബന്ധിച്ചാണു പരാതിയുണ്ടായത്. യോഗത്തിന്റെ 39 യൂണിയനുകൾക്കായി ചെക്ക് മുഖാന്തരം നൽകിയ പണം വകമാറ്റി ചെലവഴിച്ചതായും മേൽപലിശ വാങ്ങിയതായുമാണ് ആക്ഷേപം. ചില യൂണിയനുകൾ അപേക്ഷ നൽകാതെ പണം അനുവദിക്കുകയും ചിലർ പലിശ വാങ്ങാതെയുമുണ്ട്. ഇതെല്ലാമാണു ക്രമക്കേടായി പറയുന്നത്.
സാധാരണക്കാരായ പിന്നാക്ക സ്ത്രീകളെ സാമ്പത്തികമായി ഏറെ സഹായിക്കുന്ന പദ്ധതിയാണിത്. എസ്എൻഡിപിക്ക് ഒപ്പം മറ്റു സമുദായങ്ങൾക്കും കോർപറേഷൻ വായ്പ നൽകിയിട്ടുണ്ട്. എന്നാൽ എസ്എൻഡിപിയെ ഒറ്റതിരിഞ്ഞ് വേട്ടയാടുന്നതു ശരിയല്ല. ഇതിനെ ശക്തമായി നേരിടാനാണു തീരുമാനം. തെറ്റിദ്ധാരണ നീക്കുന്നതിനു യൂണിയനുകൾ കേന്ദ്രീകരിച്ചു വിശദീകരണസമ്മേളനങ്ങളും പ്രചരണങ്ങളും സംഘടിപ്പിക്കും.
വി.എസ്.അച്യുതാനന്ദന് പ്രായമാകുന്തോറും എന്തോ കുഴപ്പം സംഭവിക്കുന്നുണ്ട്. എസ്എൻഡിപിക്ക് എതിരെ എന്തെങ്കിലും പരാതി ആരെങ്കിലും പറഞ്ഞാൽ എന്നെ വിളിച്ചു ചോദിച്ച് നിജസ്ഥി മനസിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. വാദിഭാഗം മാത്രം കേട്ട് വിധി പറയുന്നതുപോലെയാണ് ഇത്. ലാവ്‍ലിൻ, ഐസ്ക്രീം കേസുകളുടെ പിറകേ എത്രവർഷമായി നടക്കുന്നു. കോടതി പോലും വിഎസിനെ തള്ളിപ്പറഞ്ഞു. പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുവാൻ പോകാനിരുന്നതാണെങ്കിലും അന്നു കേസിന്റെ അവധിക്കു കോടതിയിൽ പോകേണ്ടിയിരുന്നതിനാലാണ് അതു സാധിക്കാത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഭരണാധികാരിയായതോടെ പിണറായി വിജയൻ പുതിയ ആളായതായും പക്വതയും മാന്യതയും ചിട്ടയുമായുള്ള പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രതിപക്ഷം എന്നൊരു പക്ഷമില്ലാത്തതിനാൽ ഭരണപക്ഷത്തിന്റെ സുവർണകാലമാണിതെന്നും പറഞ്ഞു.