തിരുവനന്തപുരം: എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനത്ത് നാലര ലക്ഷത്തിലധികം കുട്ടികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. മലയാളം പരീക്ഷയോടെയാണ് എസ് എസ് എൽ സി പരീക്ഷക്കു തുടക്കമാകുന്നത്. രാവിലെ ഹയർ സെക്കന്ററി പരീക്ഷയും ഉച്ചക്കു ശേഷം എസ് എസ് എൽ സി പരീക്ഷയുമാണ് നടക്കുക. സംസ്ഥാനത്താകെ 2933 പരീക്ഷാ കേന്ദ്രങ്ങളിലാണ് എസ് എസ് എൽ സി പരീക്ഷ നടക്കുന്നത്. ലക്ഷദ്വീപിലും ഗൾഫ് മേഖലയിലെയും 9 വീതം പരീക്ഷാ കേന്ദ്രങ്ങളുണ്ട്. റഗുലറായും പ്രൈവറ്റായും 4,58,494 വിദ്യാർത്ഥികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. ഹയർ സെക്കന്ററി പരീക്ഷകൾക്കായി 2050 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗൾഫിൽ മൂന്നും ലക്ഷദ്വീപിൽ ഒൻപതും മാഹിയിൽ മൂന്നും പരീക്ഷ കേന്ദ്രങ്ങളുണ്ട്. പ്ളസ് വണ്ണിനു 4,61,230തും പള്സ് ടുവിൽ 4,42,434 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്.
എസ് എസ് എൽ സി പരീക്ഷ 27നും ഹയർ സെക്കന്ററി പരീക്ഷ 28നും അവസാനിക്കും. ഏപ്രിൽ 3 മുതൽ 12 വരെയും 17 മുതൽ 21 വരെയും 54 ക്യാമ്പുകളിലാണ് മൂല്യ നിർണ്ണയം നടക്കുക. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനു ഓരോ ജില്ലയിലും രണ്ട് വിജിലൻസ് സ്കാഡും സൂപ്പർ സ്കാഡും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.