കൊച്ചി: അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര ടൂറിസം സാങ്കേതികവിദ്യാ സമ്മേളന(ഐസിടിടി-2017)ത്തില്‍ വിവരസാങ്കേതിക, സമൂഹമാധ്യമ, സംരംഭക മേഖലകളിലെ രാജ്യാന്തര വിദഗ്ധര്‍ പ്രഭാഷണം നടത്തും. കേരള ടൂറിസത്തിന്റെ പിന്തുണയോടെ ജൂണ്‍ എട്ടുമുതല്‍ കൊച്ചി ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന രണ്ടു ദിവസത്തെ സമ്മേളനം, ടൂറിസം വിപണന തന്ത്രങ്ങളിലെ നൂതന ആഗോളപ്രവണതകളെപ്പറ്റി അറിവു പകരും.
ആന്‍ഡ്രൂ ചോ(സിംഗപ്പൂര്‍), ബില്ലി ടെയ്‌ലര്‍(ന്യൂസീലന്‍ഡ്), ക്രിസ്റ്റഫര്‍ ടോക്ക്(മലേഷ്യ), ഡോണ മോര്‍ട്ടിസ്(ഓസ്‌ട്രേലിയ), ലോറന്‍ ക്ലെലന്‍ഡ്(അമേരിക്ക), നിക്കി ക്രീല്‍(ബ്രിട്ടന്‍), പിയറി മറെക്കല്‍(ബല്‍ജിയം) എന്നീ രാജ്യാന്തര പ്രഭാഷകരാണ് സാങ്കേതികവിദ്യാ മേഖലയിലെ പുതുചലനങ്ങള്‍ ഉള്‍ക്കൊണ്ട് ടൂറിസം വിപണന രീതികള്‍ പരിഷ്‌കരിക്കുന്നതിനെപ്പറ്റി സമ്മേളനത്തില്‍ വിദഗ്ധ പ്രഭാഷണങ്ങള്‍ നടത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ടൂറിസം മാര്‍ക്കറ്റിങ് സമ്മേളനമായ ഐസിടിടി-2017ല്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ നിലവിലെ ടൂറിസം വിപണന രീതികളില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരാന്‍ സഹായിക്കുമെന്നു അറ്റോയ് പ്രസിഡന്റ് അനീഷ് കുമാര്‍ പറഞ്ഞു.
ലോകത്തിന്റെ ഏതു കോണിലും ബിസിനസ് വ്യാപിപ്പിക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ, സാങ്കേതികമായി മുന്നേറാന്‍ ടൂറിസം മേഖലയിലെ സംരംഭങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണു ഐസിടിടി-2017 സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള ടൂറിസം, അതിഥിസല്‍ക്കാര മേഖലകളിലെ സേവനദാതാക്കള്‍, ടൂര്‍ ഓപറേറ്റര്‍മാര്‍, ഹോട്ടലുകള്‍, റിസോര്‍ട്ട് ഉടമകള്‍, സാങ്കേതികവിദ്യാ വിദഗ്ധര്‍, സോഫ്റ്റ്‌വെയര്‍ കമ്പനികള്‍, മാര്‍ക്കറ്റിങ് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍, സോഷ്യല്‍ മീഡിയ കമ്പനികള്‍ ബ്ലോഗര്‍മാര്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നു അദ്ദേഹം അറിയിച്ചു.
വിപണിയില്‍ മുന്നേറാന്‍ സഹായിക്കുന്ന വിപണന തന്ത്രങ്ങളിലും അതിനൂതന സാങ്കേതിക വിദ്യയിലും തികച്ചും പ്രായോഗികവും ചെലവു കുറഞ്ഞതുമായ പരിഹാര മാര്‍ഗങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടും. ഫേസ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമ വേദികള്‍ ബിസിനസ് വളര്‍ച്ച നേടാനും ബ്രാന്‍ഡ് ശ്രദ്ധ നേടാനുമായി എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്നും സമ്മേളനം ചര്‍ച്ച ചെയ്യും.
സമ്മേളനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള വിശദവിവരങ്ങള്‍ക്ക് www.icttindia.org അല്ലെങ്കില്‍ https://www.facebook.com/ictt2017