ദില്ലി: മണിപ്പൂരിലും ഗോവയിലും ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ലോക്സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രശ്നം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. ഇരു സംസ്ഥാനങ്ങളിലും ഗവര്‍ണരുടെ ഓഫീസ് ബിജെപി ദുരുപയോഗം ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് പിന്തള്ളി ഗവര്‍ണറെ ഉപയോഗിച്ച് ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുകയാണെന്നാരോപിച്ചാണ് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. ചോദ്യോത്തരവേള ഒഴിവാക്കി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. തുടര്‍ന്ന് കോണ്‍ഗ്രസ് ചോദ്യോത്തരവേള ബഹിഷ്ക്കരിച്ചു. 12 മണിക്കും പ്രശ്നമുന്നയിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബഹളം തുടര്‍ന്നു. എന്നാല്‍ ശൂന്യവേള ഇന്നില്ലെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ നിയമനിര്മ്മാണനടപടികളുമായി മുന്നോട്ട് പോയി. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ വീണ്ടും വാക്കൗട്ട് നടത്തി.
ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റ ആരോപണം. ഭൂരിപക്ഷം ഗവര്‍ണര്‍ക്ക് മുന്നില്‍ തെളിയിച്ചതിനാലാണ് ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.