കൊച്ചി∙ പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനു സർക്കാർ പണികഴിപ്പിച്ച വീട് ഇന്നു കൈമാറും. ജിഷ ഭവനത്തിന്റെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അമ്മ രാജേശ്വരിക്കു നൽകുന്നത്.
ജിഷയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്ന അടച്ചുറപ്പുള്ള വീട്. പക്ഷേ അത് യാഥാർഥ്യമായത് കാണാൻ ജിഷ ഇല്ല. പതിനൊന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച് കുറുപ്പംപടി ആലിപ്പാടം കനാൽ ബണ്ട് റോഡിലെ അഞ്ചുസെന്റ് സ്ഥലത്താണ് വീട് നിർമിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ കലക്ടറുടെ മേൽനോട്ടത്തിൽ നിർമിതികേന്ദ്രമാണ് വീടിന്റെ പണി വേഗത്തിൽ പൂർത്തിയാക്കിയത്.
രാജേശ്വരിയുടെ ആഗ്രഹപ്രകാരമാണ് വീടിന് ജിഷ ഭവനം എന്ന് പേരിട്ടത്. വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജിഷ ഭവനത്തിന്റെ താക്കോൽ രാജേശ്വരിക്ക് കൈമാറും. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് ജിഷയുടെ അമ്മയും സഹോദരിയും ഇന്നു തന്നെ പുതിയ വീട്ടിലേക്കു താമസം മാറും.