കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ പ്രശസ്ത സംവിധായകന് രാകേഷ് ശര്‍മ്മ ക്യൂറേറ്റ് ചെയ്ത ചലചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ജനാധിപത്യവും സിനിമയും; വിവിധ കാഴ്ചകള്‍ വ്യത്യസ്ത വീക്ഷണ കോണുകള്‍ എന്നാണ് സിനിമ പാക്കേജിന്റെ പ്രമേയം. ബിനാലെ വേദിയായ ഫോര്‍ട്ട്കൊച്ചി കബ്രാള്‍യാര്‍ഡില്‍ മാര്‍ച്ച് 17 വെള്ളിയാഴ്ച മുതല്‍ 19 ഞായറാഴ്ച വരെയാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. വോയിസസ് ഫ്രം ഇന്ത്യാസ് ഹാര്‍ട്ട് ദ് ട്രൈബല്‍ ലാന്‍ഡ്സ് എന്ന പേരില്‍ ബിജു ടോപ്പൊ സംവിധാനം ചെയ്ത ദ് ഹണ്ട്, ജാവേദ് ഇഖ്ബാലും ബസ്തര്‍ കളക്റ്റീവും ഒരുക്കിയ ഏ ഷോര്‍ട്ട് ടേം മെമ്മറി ഓഫ് അട്റോസിറ്റി, ബസ്തര്‍ കളക്റ്റീവിന്റെ എന്‍കൗണ്ടറിംഗ് ഇന്‍ജസ്റ്റിസ് : ദ് കേസ് ഓഫ് മീന ഖല്കൊ, ബസ്തര്‍ കളക്റ്റീവിന്റെ തന്നെ മീന്വയ്ല് ദ് കില്ലിംഗ് കണ്ടിന്യൂ : ദ് എന്‍കൗണ്ടര്‍ അറ്റ് റെവാലി, എന്നിവ വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കും. അക്രമത്തെയും സമാധാനത്തെയും കുറിച്ച് സ്ത്രീകള്‍ എന്ന പ്രമേയത്തില്‍ ഇഫാത്ത് ഫാത്തിമയുടെ ഖൂന്ദിയ ഭരാവ്, ഫിദ ക്വിഷ്തയുടെ വേര് ഷുഡ് ദി ബേര്‍ഡ്സ് ഫ്ളൈ, എന്നിവ ശനിയാഴ്ചയാണ് പ്രദര്‍ശിപ്പിക്കുന്നത്. അസഹിഷ്ണുതയുടെ അക്രമങ്ങള്‍ എന്ന പ്രമേയത്തില്‍ നകുല്‍ സ്വാഹിനിയുടെ കൈരാന ആഫ്റ്റര്‍ ദി ഹെഡ്ലൈന്‍സ്, രാകേഷ് ശര്‍മ്മയുടെ ഫൈനല്‍ സൊല്യൂഷന് റിവിസിറ്റഡ്, ഫലാല്‍ ഫൈസലിന്റെ ഗോയിങ് ഗോണ്‍സോ; ഇന്‍ഡിപെന്‍ഡന്‍സ് ഡേ, ദളിത് ക്യാമറ ഷോട്സ്, എന്നിവയുടെ പ്രദര്‍ശനത്തോടെ ചലച്ചിത്ര പാക്കേജ് സമാപിക്കും.
ബിനാലെ വേദിയായ ഫോര്ട്ടകൊച്ചി കബ്രാള്‍യാര്‍ഡില്‍ വൈകീട്ട് 6.30 മുതലാണ് പ്രദര്‍ശനം തുടങ്ങുന്നത്. എല്ലാ ദിവസത്തെയും പ്രദര്‍ശനത്തിനു ശേഷം സംവിധായകരും ചലച്ചിത്ര നിരൂപകരുമായുള്ള ചര്‍ച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനപ്പുറത്തേക്ക് രാജ്യത്തെ ആദിവാസി മേഖലയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ വരച്ചുകാട്ടാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ക്യൂറേറ്റര്‍ രാകേഷ് ശര്‍മ്മ പറഞ്ഞു. അരികുവല്‍ക്കരിക്കപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളെ മുഖ്യധാരയില്‍ നിന്ന അകറ്റി നിറുത്താനാണ് ഭരണകൂടം എന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതെല്ലാം മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടം നല്കുന്ന വിശദീകരണങ്ങളാണ് നമ്മുക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്. എതിര്‍ചേരിയില്‍ നിന്നുള്ള പ്രതികരണങ്ങളോ ശബ്ദങ്ങളോ പൊതു സമൂഹത്തിനടുത്തേക്ക് എത്തുന്നില്ല. എല്ലാ നോട്ടങ്ങളും താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്നു. ആദിവാസികളുടെ പ്രശ്നം പോലെ തന്നെ പ്രധാനമാണ് ഇവിടെ ദളിതുകളും ന്യൂനപക്ഷങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നത്. മുസഫറബാദ് കലാപത്തെ തുടര്‍ന്ന കൈരാനയില്‍ സംഭവിച്ചതിന്റെ മറുപുറമാണ് ഗുജറാത്തില്‍ നടന്ന ദളിത് പ്രക്ഷോഭം. ഉനയിലെ പ്രക്ഷോഭവും ജിഗ്നേഷ് മേവാനിയെന്ന ദളിത് നേതാവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പുമെല്ലാം ഹ്രസ്വചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കാഴ്ചക്കാരന്റെ മനസില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്താനാണ് താന്‍ ശ്രമിക്കുന്നതെന്ന് രാകേഷ് ശര്‍മ്മ പറഞ്ഞു. കലാകാരന് സമൂഹത്തില്‍ പരിണാമം വരുത്താനൊന്നും കഴിയില്ല. എന്നാല്‍ അവരുടെ മനസിനെ പോരാട്ടത്തിന് തയ്യാറെടുപ്പിക്കാന്‍ പറ്റും. കേരളത്തിലെ പ്രേക്ഷകര്‍ കര്‍ക്കശക്കാരും എന്നാല്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സംസ്കാര സമ്പന്നരുമാണെന്ന് അദ്ദേഹം പറഞ്ഞു. ബിനാലെയില്‍ ഇത്തരം വിഷയങ്ങള്‍ക്ക് ഇടം കൊടുക്കുന്നത് പ്രശംസനീയമാണ്. മറ്റ് കലാരൂപങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റി വച്ച് ഇത്തരം പൊതുബോധം ഉണര്‍ത്തുന്ന കാര്യങ്ങള്‍ക്കായി ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.