തിരുവനന്തപുരം: രാജ്യത്തെവിടെയും അടിയന്തരസാഹചര്യങ്ങളില്‍ പോലീസിനെ വിളിക്കാന്‍ ഒറ്റനമ്പര്‍. പദ്ധതി കേരളത്തില്‍ ആദ്യം നടപ്പില്‍ വരും. 100-നുപകരം 112 ആണ് പുതിയ നമ്പര്‍. നാല് മാസത്തിനുള്ളില്‍ നടപ്പിലാകുന്ന ഈ പദ്ധതി ദേശീയ അടിയന്തര പ്രതികരണ സംവിധാനത്തിന്റെ (എന്‍.ഇ.ആര്‍.എസ്.) ഭാഗമായാണെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. നിലവിലെ അടിയന്തരസഹായ നമ്പറുകളായ 100 (പോലീസ്), 101 (അഗ്‌നിരക്ഷാസേന), 102 (ആംബുലന്‍സ്) എന്നിവ പുതിയ സംവിധാനത്തോട് യോജിപ്പിക്കും. 24 മണിക്കൂറും ഈ നമ്പറിലേക്ക് വിളിക്കാനാകും. 36 കോള്‍ സെന്ററുകള്‍ ഇതിനായി സജ്ജമാക്കും. വിളിവന്നാല്‍ കംപ്യൂട്ടര്‍ സഹായത്തോടെ അടിയന്തര ഇടപെടല്‍ ഉറപ്പാക്കും. വിവിധ ഇടങ്ങളിലായി സ്ഥാപിക്കുന്ന ക്യാമറകളും ഇതുമായി ബന്ധിപ്പിക്കും. പദ്ധതിയുടെ നടത്തിപ്പിനുള്ള ഉദ്യോഗസ്ഥരെ അതത് സംസ്ഥാനങ്ങള്‍ നല്‍കും. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അടിയന്തര പ്രതികരണ സംവിധാന പദ്ധതിക്ക് തുടക്കമിട്ടത്. നിര്‍ഭയ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.