പയ്യന്നൂര്‍: കാന്‍സര്‍ രോഗത്തിനടക്കമുളള മരുന്നുകള്‍ ലഹരിക്കായി വാങ്ങി ഉപയോഗിച്ച മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ പയ്യന്നൂരില്‍ പിടിയില്‍.മരുന്നുകടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് സംഘം വിദ്യാര്‍ത്ഥികളെ പിടികൂടിയത്.
കാഞ്ഞങ്ങാട് അല്‍ഫല മെഡിക്കല്‍സില്‍ നിന്ന് കാന്‍സര്‍, അപസ്മാരം എന്നിവയ്ക്ക് നല്‍കുന്ന മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്ന മൂന്നംഗ സംഘം ഇതിനിടെയാണ് പിടിയിലായത്.ഗുളികകള്‍ വാങ്ങി പൊടിച്ച് ശീതളപാനീയങ്ങളില്‍ കലര്‍ത്തി ഉപയോഗിക്കാറായിരുന്നു കുട്ടികളുടെ പതിവ്. മൂന്ന് ഇരട്ടിയിലധികം രൂപയാണ് ഇത്തരം മരുന്നുകളുടെ വില്‍പ്പനയ്ക്ക് ഈടാക്കിയിരുന്നത്.
രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടികളെ താക്കീതുചെയ്ത് വിട്ടയക്കുകയായിരുന്നു.കാഞ്ഞങ്ങാട്,പയ്യന്നൂര്‍ മേഖലയില്‍ ഇത്തരം ലഹരിമരുന്ന് വില്‍പ്പന വ്യാപകമാണെന്നാണ് എക്സൈസിന്‍റെ നിഗമനം.ഡോക്ടറുടെ കുറിപ്പടിയില്ലാതെ കാന്‍സര്‍ രോഗത്തിനടക്കമുളള വേദനസംഹാരികള്‍ വില്‍ക്കുന്നതിന് വിലക്കുണ്ട്.
ഇത് കാറ്റില്‍പ്പറത്തിയാണ് അധികവില ഈടാക്കിയുളള മരുന്നുവില്‍പ്പന.സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ഇത്തരം മരുന്നുകള്‍ വില്‍ക്കുന്ന സംഘങ്ങളെക്കുറിച്ചും എക്സൈസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.