ബിനാലെ സാംസ്‌കാരിക വിനിമയത്തിനുള്ള സ്ഥിരം സംവിധാനമാകും: മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍

191

കൊച്ചി : ആസ്പിന്‍വാള്‍ ഹൗസ് കൊച്ചി-മുസിരിസ് ബിനാലെയുടെ സ്ഥിരം വേദിയാക്കുമ്പോള്‍ രണ്ട് ബിനാലെകള്‍ക്കിടയിലെ ഇടവേളയായ രണ്ടുവര്‍ഷം വിവിധ രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നുമുള്ള കലാ-സാംസ്‌കാരിക വിനിമയത്തിനുള്ള സ്ഥിരം സംവിധാനമായി അതു മാറുമെന്ന് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആസ്പിന്‍വാള്‍ ഹൗസും അതിനോടു ബന്ധപ്പെട്ട ഭൂമിയും ബിനാലെയുടെ നടത്തിപ്പിന് അനുയോജ്യമാണെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. ബിനാലെയുടെ സംഘാടകരും അതുതന്നെ പറയുന്നുണ്ട്. ഈ ഭൂമിയിലെ കെട്ടിടവും ബിനാലെയുടെ സ്ഥിരം വേദിയാക്കണമെന്ന് സര്‍ക്കാരിന് താല്പര്യമുണ്ട്. എന്നാല്‍ ആസ്പിന്‍വാള്‍ കെട്ടിടത്തിന്റെ അവകാശം ബിനാലെ സംഘാടകര്‍ക്ക് നല്‍കുന്നു എന്ന് ഇതിന് അര്‍ഥമില്ല. ബിനാലെ നടത്താനായി സ്ഥലം നല്‍കുന്നു എന്നേയുള്ളു. ഇക്കാര്യത്തില്‍ അനാവശ്യ പ്രചരണങ്ങള്‍ നടക്കുന്നതിനാലാണ് താന്‍ ഇതു സ്പഷ്ടമാക്കുന്നതെന്ന് ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ത്യയിലെയും കേരളത്തിലെയും കലാകാരന്മാര്‍ക്കും കലാസ്വാദകര്‍ക്കും ആഗോളസ്വഭാവമുള്ള സമകാലീന കല നേരിട്ടുകാണാന്‍ അവസരം ലഭിക്കുന്ന കൊച്ചി ബിനാലെ സാംസ്‌കാരിക ടൂറിസത്തിന്റെ ഉത്തമമായ ഉദാഹരണമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. മുസിരിസ് പ്രോജക്ടും സ്‌പൈസ് റൂട്ട് പ്രോജക്ടും ബിനാലെയുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. മുസിരിസ് പ്രോജക്ടിന്റെ കൊടുങ്ങല്ലൂരിലെ ഒരു കേന്ദ്രം ബിനാലെയുടെ വേദിയായി മാറിയിട്ടുണ്ട്. മുസിരിസിനെയും സുഗന്ധവ്യഞ്ജന പാതയെയും തമ്മില്‍ ബന്ധപ്പെടുത്തി ബിനാലെയില്‍ എത്തിച്ചേരുന്ന സ്വദേശികളും വിദേശികളുമായ സന്ദര്‍ശകര്‍ക്ക് അനുഭവവേദ്യമാക്കുന്നതിന്റെ ഭാഗമായുള്ള ആലോചനായോഗങ്ങള്‍ നടന്നുകഴിഞ്ഞതായും ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാളിലെ വിവിധ കലാരൂപങ്ങള്‍ മന്ത്രി ഏകദേശം മൂന്നുമണിക്കൂറോളം നേരം നടന്നുകണ്ട മന്ത്രി കലയെ വ്യത്യസ്തമായി നോക്കിക്കാണാനുള്ള അവസരം ഓരോ കലാരൂപവും ഒരുക്കുന്നുതായി വിലയിരുത്തി. കലയെ സംബന്ധിച്ചുള്ള യാഥാസ്ഥിതിക കാഴ്ച്ചപ്പാട് മാറാന്‍ ബിനാലെ സഹായിക്കുന്നു. കേരളത്തില്‍നിന്നുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അഞ്ചുലക്ഷത്തിലേറെ പേരാണ് ഇത്തവണ ബിനാലെ കാണാനെത്തിയിരിക്കുന്നത്. ഇത് ബിനാലെയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിക്ക് ഉദാഹരണമാണ്. ബിനാലെയുടെ ഗുണം സംസ്ഥാനത്ത് ജനജീവിതത്തിന്റെ വിവിധ മേഖലകള്‍ക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് വര്‍ദ്ധിച്ച രീതിയില്‍ ബിനാലെയ്ക്ക് പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY