ന്യൂഡൽഹി ∙സുധീരനു കെപിസിസി അധ്യക്ഷപദവിയിൽ ദീർഘകാലത്തേക്കു തുടരാൻ എളുപ്പമാവില്ലെന്ന സന്ദേശം നേതൃത്വത്തിനു നൽകിയാണു ഗ്രൂപ്പ് നേതാക്കൾ മടങ്ങിയത്. ചർച്ചകളിൽ പങ്കെടുത്ത നൂറിലേറെ പേരിൽ ഭൂരിപക്ഷവും സുധീരനോടുള്ള അതൃപ്തി പ്രത്യക്ഷമായും പരോക്ഷമായും രാഹുലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. സുധീരന്റെ പേരിൽ മൂന്നാമതൊരു ഗ്രൂപ്പ് ഉയർന്നുവരുന്നുവെന്ന ആക്ഷേപമാണു പ്രധാനമായും ഹൈക്കമാൻഡിന്റെ മുന്നിലെത്തിയിരിക്കുന്നത്.
ഗ്രൂപ്പുകൾക്ക് അതീതമായി പ്രവർത്തിക്കുകയെന്ന ദൗത്യമേറ്റെടുത്ത സുധീരൻ ഗ്രൂപ്പ് നേതാവാകുന്നതിലെ അതൃപ്തി കേന്ദ്ര നേതാക്കൾ ചിലരോടെങ്കിലും തുറന്നുപറയുകയും ചെയ്തു. കേരളത്തിൽ ഇപ്പോൾ ഗ്രൂപ്പില്ല, ഗ്രൂപ്പുള്ളതു വി.എം. സുധീരനാണ് എന്ന കൗതുകകരമായ വാദവും എ, ഐ വിഭാഗങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുൻപും ഇപ്പോഴും സുധീരനെതിരെ നിൽക്കുന്ന പ്രമുഖ ഗ്രൂപ്പുകളുടെ താൽക്കാലിക ഐക്യമാണ് ഈ വാദത്തിനു ബലം.
രാഹുൽഗാന്ധി നടത്തിയ ചർച്ചകൾക്കിടെയുണ്ടായ ചെറു കൗതുകം കൂടി കാണുക: ഒറ്റയ്ക്കു കാണാൻ താൽപര്യപ്പെട്ടവർക്കു പുറമെ ചർച്ചകളിൽ നാലും അഞ്ചും പേരുടെ സംഘങ്ങളാണു പങ്കെടുത്തത്. ബെന്നി ബഹനാനും ജോസഫ് വാഴയ്ക്കനും എ, ഐ ഗ്രൂപ്പുകൾക്കു വേണ്ടി പേരുകൾ നൽകിയതിനൊപ്പം സുധീരനോട് അടുപ്പമുള്ള ജോൺസൺ ഏബ്രഹാമും സമാന ചിന്താഗതിക്കാരുടെ പട്ടിക കൈമാറി.
‘മൂന്നു ഗ്രൂപ്പിന്റെയും ലിസ്റ്റായെ’ന്ന തമാശയോടെയാണു കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്നിക് അതു സ്വീകരിച്ചത്. എന്നാൽ, സുധീരനോട് അടുപ്പമുള്ളവർ മൂന്നാം ഗ്രൂപ്പ് എന്ന ആരോപണത്തോടു യോജിക്കുന്നില്ല. ഗ്രൂപ്പില്ലാത്തവർ കെപിസിസി പ്രസിഡന്റിനോട് ആഭിമുഖ്യം കാട്ടിയാൽ അതു ഗ്രൂപ്പ് ആകുന്നതെങ്ങനെ? ഗ്രൂപ്പുകൾക്ക് അതീതമായി യോഗ്യതയ്ക്കു മുൻഗണന നൽകണമെന്ന ഹൈക്കമാൻഡ് നിർദേശം ഉൾക്കൊണ്ടാണു സുധീരൻ പ്രസിഡന്റായതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
പാലോട് രവി, ടി.എൻ. പ്രതാപൻ, അനിൽ അക്കര, ടോമി കല്ലാനി, എ.എ. ഷുക്കൂർ തുടങ്ങിയവരിലൂടെ ‘ഗ്രൂപ്പുകളിൽ നിന്ന് അകലുന്നവരുടെയും ഗ്രൂപ്പ് വേണ്ടെന്ന ആശയത്തോട് ആഭിമുഖ്യമുള്ളവരുടെയും’ നിര കരുത്താർജിക്കുന്നുമുണ്ട്. ഇനിയെന്ത് എന്ന രാഹുൽ ചോദ്യത്തിന് ഇതിനകം ലഭിച്ച ഉത്തരം വിപുല സംഘടനാ അഴിച്ചുപണി എന്നതാണ്.
അതിന്റെ വ്യാപ്തിയും സമയക്രമവും നിശ്ചയിക്കാനൊരുങ്ങുന്ന നേതൃത്വത്തിനു മുന്നിൽ പ്രസക്തമായ മറ്റു ചോദ്യങ്ങളുമുയരുന്നു: കോൺഗ്രസിൽ നിന്നും യുഡിഎഫിൽ നിന്നും അകന്നുപോയ സമുദായങ്ങളെയും വിഭാഗങ്ങളെയും തിരികെ കൊണ്ടുവരുന്നതെങ്ങനെ? ജനവിശ്വാസം പുനരാർജിക്കുന്നതെങ്ങനെ? ഇതിനു വേണ്ട രാഷ്ട്രീയ തന്ത്രങ്ങൾ ചർച്ചകളിൽ ഉരുത്തിരിഞ്ഞതായി സൂചനയില്ല.