കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് പൂര്‍ണത കൈവരാന്‍ ഭാരതീയമായ കലാപ്രയോഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് കേരള ലളിതകല അക്കാദമി ചെയര്മാന് ടി എ സത്യപാല്‍ അഭിപ്രായപ്പെട്ടു. പി കെ സദാനന്ദന്റെ ചുവര്‍ചിത്രം ആ ദിശയിലുള്ള ഒന്നാണ്. കൊളോണിയല്‍ കലയ്ക്കൊപ്പം ഭാരതത്തിന്റെ പാരമ്പര്യം വിളിച്ചോതാന്‍ ഇത്തരം പ്രാദേശിക സംസ്കാരങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടു വരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. വൈകിയാണ് ബിനാലെ കാണാനെത്തിയതെന്ന ക്ഷമാപണവും സത്യപാല്‍ നടത്തി. രാജ്യത്തെ കലാപ്രയോഗങ്ങള്‍ വികസിതമായ ദിശാബോധത്തിലല്ല നടക്കുന്നത്. കലാലോകത്ത് വൈവിദ്ധ്യമാര്‍ന്ന നിരവധി രീതികളുണ്ട്. അവ വൈവിദ്ധ്യമാര്‍ന്ന മാര്‍ഗത്തില്‍ എങ്ങിനെ കലാസൃഷ്ടിയില് പ്രയോജനപ്പെടുത്താമെന്നത് ബിനാലെയിലൂടെ പഠിക്കാനാകും. കലാകാരന്മാര്ക്കും, ആസ്വാദകര്‍ക്കും കലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ ഇത് പ്രയോജനപ്പെടുത്താനാകുമെന്നും സത്യപാല്‍ പറഞ്ഞു. കലാസൃഷ്ടികളില്‍ ഇന്ന് തുടര്‍ന്ന് പോരുന്ന ആഖ്യായന രീതികളില്‍ മാറ്റങ്ങളും തിരുത്തലുകളും വരുത്താന്‍ ബിനാലെയ്ക്കു കഴിയും. കലാകാലങ്ങളായി കൈമാറി പോരുന്ന ഒരു പാരമ്പര്യം ഇന്ത്യന്‍ കലാമേഖലയിലുണ്ട്. ഇത്തരം പ്രാദേശികമായ കലാപ്രയോഗങ്ങള്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലുണ്ട്. അവയെക്കൂടി ഉള്‍പ്പെടുത്തുമ്പോഴാണ് ബിനാലെ പൂര്‍ണമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രയോഗങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് എന്ന കാര്യം പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.