സ്വതന്ത്ര വിജ്ഞാന വ്യാപനത്തിന് ഗവേഷണങ്ങള്‍ തടസമാകരുത്: ബിനാലെ സെമിനാര്‍

206

കൊച്ചി: സമകാലീന കലയില്‍ നടക്കുന്ന ഗവേഷണങ്ങള്‍ കൂടുതലും നവ-കലാധ്യായനത്തിന് ആത്യന്തികമായി തടസം നില്‍ക്കുകയാണെന്ന് കൊച്ചി-ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന ദ്വിദിന പരിശീലനകളരിയില്‍ അഭിപ്രായമുയര്‍ന്നു. സ്‌കോട്ട്‌ലാന്റില്‍ നിന്നുള്ള കലാധ്യാപകരായ പ്രൊഫ നീല്‍ മുല്‍ഹോളണ്ട്, ജേക്ക് വാട്‌സ് എന്നിവരാണ് നവ ലിബറല്‍ കലാധ്യായനത്തില്‍ കൂടുതല്‍ സ്വതന്ത്ര വീക്ഷണം വേണമെന്ന് വാദിക്കുന്നത്. സ്വകാര്യമായ ലക്ഷ്യത്തിനു വേണ്ടിയാണ് ഇന്നത്തെ ഗവേഷണങ്ങള്‍ നടത്തുന്നത്. വിജ്ഞാന വ്യാപനം സാധ്യമാകാത്ത വിധം മൂല്യച്യുതി ഇതില്‍ നടന്നു കൊണ്ടിരിക്കുന്നു. സ്വന്തം മേന്മയിലേക്ക് മാത്രമാണ് കലയെ ഇത്തരക്കാര്‍ കൊണ്ടു പോകുന്നത്. അതിനാല്‍ തന്നെ നവ ലിബറല്‍ കാലത്തെ കലാധ്യായനത്തില്‍ അരാഷ്ട്രീയവാദവും കടന്നുവരുന്നുവെന്ന് പ്രൊഫ മുല്‍ഹോളണ്ട് പറഞ്ഞു. കലാധ്യായനത്തില്‍ സ്വതന്ത്രമായ വിജ്ഞാന വ്യാപനം വേണമെന്ന് വാദിക്കുന്നവരാണ് ഷിഫ്റ്റ്/വര്‍ക്ക് എന്ന കൂട്ടായ്മ. വിവിധ കലാ സമ്പ്രദായങ്ങള്‍ക്കിടയില്‍ നിന്നു തന്നെ അധ്യയനം നടത്തുന്ന സാമൂഹ്യനീതിയെ പിന്തുണയ്ക്കുന്നവരാണിവര്‍. പുതിയ അറിവുകള്‍ ലഭിക്കാനും അവ പകര്‍ന്നു നല്‍കാനുമുള്ള സാഹചര്യമാണ് ഈ പരിശീലനകളരിയിലൂടെ കിട്ടുന്നത്.

ദ്വിദിന പരീശീലന കളരിയില്‍ പേരിനുവേണ്ടി പങ്കെടുക്കാനാണ് ചിലര്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ നൂതന കലാസമ്പ്രദായങ്ങള്‍ പരിശീലിക്കാനും സ്വീകരിക്കാനും ശ്രമിക്കുന്നവരുമുണ്ടെന്ന് ജേക്ക് വാട്ടസ് പറയുന്നു. പ്രക്രിയയിലൂന്നിയ പരിശീലനത്തിന്റെ സത്ത മനസിലാക്കുന്ന തരം പ്രബോധനമാണ് ഷിഫ്റ്റ്/വര്‍ക്ക് കൊണ്ടുദ്ദേശിക്കുന്നത്. ഗവേഷണഫലങ്ങള്‍ പങ്കു വയ്ക്കാനും അതിലൂടെ അറിവു സമ്പാദനത്തില്‍ വിപ്ലവകരമായ പ്രതിഫലനം കൊണ്ടുവരാനും സാധിക്കുമെന്ന് പ്രൊഫ മുല്‍ഹോളണ്ട് പറഞ്ഞു. ദ്വിദിന പരിശീലന കളരിയില്‍ മൂന്ന് വിഷയങ്ങളാണുള്ളത്. രൂപകല്‍പന എന്ന വിഷയമായിരുന്നു ആദ്യത്തേത്. അറിവിനെ തിരസ്‌കരിക്കുക എന്നതാണ് രണ്ടാമത്തെ വിഷയം. പ്രതിഫലേച്ഛയില്ലാതെ സ്വന്തം നൈപുണ്യത്തെ വികസിപ്പിക്കാനുള്ള വേദിയാണിത്. ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള രചനാരീതികളാണ് മൂന്നാമത്തെ പരിശീലന വിഷയം. ഊഹാപോഹങ്ങളിലൂന്നിയുള്ള രചനകള്‍ വെല്ലുവിളി നിറഞ്ഞതാണ്. എഡിന്‍ബറോ സ്‌കള്‍പ്ചര്‍ ശില്പശാലയിലെ കലാകാരന്മാര്‍ ചേര്‍ന്നാണ് പരിശീലന കളരിയ്ക്ക് നേതൃത്വം നല്‍കിയത്. പരിശീലന പരിപാടി ഇന്ന് (23.03.2017)സമാപിക്കും

NO COMMENTS

LEAVE A REPLY