ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവില്ലാത്ത സാഹചര്യത്തിൽ ലോക്പാൽ നിയമനം അസാധ്യമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ലോക്പാൽ നിയമനം ആവശ്യപ്പെട്ട് സന്നദ്ധസംഘടനയായ കോമൺകോസ് സമർപ്പിച്ച പൊതുതാൽപര്യ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. ലോക്സഭ പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ നിർവചനം സംബന്ധിച്ച ദേഭഗതി പാർലമെൻറിന്‍റെറ പരിഗണനയിലാണെന്നും ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കുന്ന ഭേദഗതി പാസാവാതെ ലോക്പാൽ നിയമനം നടക്കില്ലെന്നും അറ്റോർണി ജനറൽ മുകുൾ റോഹത്ഗി സുപ്രീംകോടതിയെ അറിയിച്ചു. ലോക്പാൽ ആൻഡ് ലോകായുക്ത ആക്ട് 2013 പ്രകാരം ലോക്സഭ പ്രതിപക്ഷ നേതാവും ലോക്പാൽ നിയമന പാനൽ അംഗമാണ്. നിലവിൽ ലോക്സഭയിൽ പ്രതിപക്ഷ നേതാവില്ല. ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് നിശ്ചിത എണ്ണം എംപിമാരില്ലാത്തതിനാൽ പ്രതിപക്ഷ നേതാവ് പദവി നൽകിയിട്ടില്ല.
തുടര്‍ന്ന് ഇരു ഭാഗത്തിന്‍റെറയും വാദം കേട്ട കോടതി വിധി പുറപ്പെടുവിക്കുന്നത് മാറ്റിവെച്ചു.