സൗദിയില്‍ പൊതുമാപ്പ് നാളെ പ്രാബല്യത്തില്‍ വരും. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുമെന്ന് സൂചന. പൊതുമാപ്പുമായി ബന്ധപ്പെട്ട് സൗദി പാസ്പോര്‍ട്ട് വിഭാഗവും, ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റുമെല്ലാം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. താമസ തൊഴില്‍ നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാന്‍ അവസരമൊരുക്കുകയാണ് പൊതുമാപ്പിലൂടെ. നാളെ ആരംഭിക്കുന്ന പൊതുമാപ്പ് മൂന്നു മാസം നീണ്ടു നില്‍ക്കും. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന വിദേശികളുടെ മടക്കയാത്രക്കുള്ള നടപടി ക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സൗദി പാസ്പോര്‍ട്ട് വിഭാഗവും വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളും ഒരുങ്ങി. ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്‍റെയും മേല്‍നോട്ടത്തില്‍ സൗദിയില്‍ ഉടനീളം സഹായ കേന്ദ്രങ്ങള്‍ ഉണ്ടാകും. കാലാവധിയുള്ള പാസ്പോര്‍ട്ട് കൈവശമില്ലാത്ത പൊതുമാപ്പിന് അര്‍ഹരായ ഇന്ത്യക്കാര്‍ ഈ കേന്ദ്രങ്ങളെ സമീപിക്കണം. താല്‍ക്കാലിക താമസ രേഖയായ ഔട്ട്‌പാസ് ഈ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യും. നൂറുക്കണക്കിനു നിയമലംഘകര്‍ ഇതിനകം ഔട്ട്‌പാസിനായി എംബസിയെ സമീപിച്ചു. നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തശേഷം സൗദി ജവാസാത്തില്‍ നിന്നും ഔട്ട്‌പാസില്‍ അല്ലെങ്കില്‍ കാലാവധിയുള്ള പാസ്പോര്‍ട്ടില്‍ ഫൈനല്‍ എക്സിറ്റ് ലഭിച്ചാല്‍ നാട്ടിലേക്ക് മടങ്ങാം. ഫൈനല്‍ എകിസിറ്റ് ലഭിക്കുന്നവര്‍ പൊതുമാപ്പ് കാലാവധിക്കുള്ളില്‍ തന്നെ രാജ്യം വിടണം. ഹജ്ജ് ഉംറ സന്ദര്‍ശക വിസകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് നേരിട്ട് വിമാനത്താവളങ്ങളില്‍ നിന്ന് ഫൈനല്‍ എക്സിറ്റ് ലഭിക്കും. താമസരേഖയായ ഇഖാമയുടെ കാലാവധി കഴിഞ്ഞവരും തൊഴില്‍ നിയമലംഘകരും പാസ്പോര്‍ട്ട് ഓഫീസിനെ സമീപിച്ച് എക്സിറ്റ് കരസ്ഥമാക്കണം. ഇതിനു പാസ്പോര്‍ട്ട് വിഭാഗത്തിന്‍റെ അബ്ഷിര്‍ വെബ്സൈറ്റ് വഴി അപ്പോയിന്മെന്റ് എടുക്കണം. ഹുറൂബ് കേസില്‍ പെട്ടവരും, അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിച്ച കേസില്‍ പെട്ടവരും, ഒരു രേഖയുമില്ലാതെ സൗദിയില്‍ എത്തിയവരും ഫൈനല്‍ എക്സിറ്റ് ലഭിക്കാന്‍ ജവാസാത്തിനു കീഴിലെ ഇദാറതുല്‍ വാഫിദീന്‍ എന്ന വിദേശകാര്യ വകുപ്പിനെയാണ് സമീപിക്കേണ്ടത്.