കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കാറിനെ പിന്തുടര്‍ന്ന നാല് ദില്ലി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രിയുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. വൈകീട്ട് അഞ്ചിന് വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന സ്മൃതി ഇറാനിയെയാണ് വിദ്യാര്‍ത്ഥികള്‍ പിന്തുടര്ന്ന് കാറിനെ മറികടക്കാന്‍ ശ്രമിച്ചത്. ചാണക്യപുരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് മന്ത്രി പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് മന്ത്രിക്ക് സെഡ് ക്യാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. സ്മൃതി ഇറാനിയുടെ ആവശ്യ പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷ കൂട്ടിയത്. മോത്തിലാല്‍ നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥികളാണ് ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങവേ മന്ത്രിയുടെ കാറിനെ പിന്തുടര്ന്നത്. മദ്യപിച്ച വിദ്യാര്‍ത്ഥികള്‍ കാറില്‍ സഞ്ചരിക്കവെ മന്ത്രിയുടെ കാര്‍ കണ്ടപ്പോള്‍ അതിനെ പിന്തുടരുകയായിരുന്നു. വൈകുന്നേരം 5.15ഓടെ ഇക്കാര്യം മന്ത്രി പൊലീസിനെ വിളിച്ച് അറിയിച്ചു. പിടിയിലായ വിദ്യാര്‍ത്ഥികളെല്ലാം 18, 19 വയസ് പ്രായമുള്ളവരാണ്.