ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. രവികൃഷ്ണയുടെ സ്വത്ത് കണ്ടുകെട്ടിയത് രാജസ്ഥാനിലെ ആംബുലന്‍സ് അഴിമതിയുമായി ബന്ധപ്പെട്ടാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സിക്വിറ്റ്സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് രവികൃഷ്ണ. ഇയാളുടെ പങ്കാളിയായ മറ്റൊരു ഡയറക്ടര്‍ ശ്വേത മംഗളിന്റെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. ഇരുവരുടേതുമായി 11.57 കോടി രൂപയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. 2010ല്‍ രാജസ്ഥാനില്‍ അശോക് ഗഹ്ലോതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്ബോഴാണ് രവികൃഷ്ണയുടെ സ്ഥാപനമായ സിക്വിറ്റ്സയ്ക്ക് ‘108’ ആംബുലന്‍സുകളുടെ കരാര്‍ നല്‍കിയത്. പിന്നീട് ആംബുലന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നതായി എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി. സിക്വിറ്റ്സയ്ക്ക് യോഗ്യതയില്ലാതെയാണ് കരാര്‍ ലഭിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ആംബുലന്‍സിന്റെ ട്രിപ്പുകളുടെ എണ്ണത്തില്‍ ക്രമക്കേടുണ്ടായിരുന്നെന്നും ജിപിഎസ് സംവിധാനം ഘടിപ്പിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിലൂടെ അനധികൃതമായി 23 കോടി രൂപയാണ് കമ്ബനി നേടിയതെന്നും കണ്ടെത്തി. അശോക് ഗഹ്ലോത്, രാജസ്ഥാന്‍ പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ്, മുന്‍മന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, രവികൃഷ്ണ തുടങ്ങിയവര്‍ക്കെതിരെ 2015 ല്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.