ന്യൂഡല്‍ഹി: രാഷ്ട്രം ഇന്ന് അംബേദ്കര്‍ ജയന്തി ആഘോഷിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി എന്നറിയപ്പെടുന്ന അംബേദ്‌കര്‍ പഠിക്കുക, പോരാടുക, സംഘടിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഭാരതത്തിലൂടെ ലോകത്തിന് നല്‍കി. ഹിന്ദുമതത്തിലാണ് ജനിച്ചതെങ്കിലും ഹിന്ദുമതത്തില്‍ തുടരാന്‍ തയ്യാറല്ലെന്നും അറിയിച്ചുകൊണ്ട് അംബേദ്‌കര്‍ ബുദ്ധമതം സ്വീകരിക്കുകയായിരുന്നു.
ഹിന്ദുമതത്തിന്റെ ജീര്‍ണതകള്‍ എന്തൊക്കെയാണെന്ന് തന്റെ പുസ്തകമായ ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റി’ലൂടെ അദ്ദേഹം എണ്ണിപ്പറയുന്നുണ്ട്. ജനാധിപത്യമെന്നാല്‍ രാഷ്ട്രത്തിന്റെ അതിര്‍ത്തികളിലും രാഷ്ട്രീയാധികാരവും ആണെന്ന ധാരണ ഉറച്ചുകിടക്കുന്ന മണ്ണിലേക്കാണ് അംബേദ്കറിന്റെ തുല്യതയിലൂന്നിയ അതിജീവന രാഷ്ട്രീയം കടന്നുവരുന്നത്. ദലിതര്‍ക്ക് രാഷ്ട്രീയാധികാരം വേണമെന്നും അതിലൂടെ മാത്രമേ സവര്‍ണ അധികാരകേന്ദ്രങ്ങളെ തകര്‍ക്കാന്‍ കഴിയൂ എന്നും അംബേദ്കര്‍ പറഞ്ഞു. രാഷ്ട്രീയാധികാരത്തിനും സ്വത്തവകാശത്തിനും വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനുമായി സ്ത്രീകള്‍ പോരാടണമെന്നതായിരുന്നു അംബേദ്കറിന്റെ നിലപാട്.