സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം സായ് പ്രണീതിന്

258

സിംഗപ്പൂർ: സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ ബി. സായ് പ്രണീതിന്. ഇന്ത്യന്‍ താരമായ കെ. ശ്രീകാന്തിനെ തോൽപ്പിച്ചാണ് ഫൈനലില്‍ സായ് പ്രണീത് ആദ്യ സൂപ്പർ സീരീസ് കിരീടം സ്വന്തമാക്കിയത്. സ്കോർ: 17–21, 21–17, 21–17. ചൈനയ്ക്കും ഡെൻമാർക്കിനും ഇന്തോനീഷ്യയ്ക്കും പിന്നാലെയാണ് ഇന്ത്യയും തങ്ങളുടെ സ്വന്തം താരങ്ങള്‍ തന്നെ ഫൈനലില്‍ മാറ്റുരയ്ക്കുന്ന മാച്ചിലേക്ക് വന്നിട്ടുള്ളത്. മുൻ ലോക മൂന്നാം നമ്പർ ശ്രീകാന്തിന് ഇതു മൂന്നാം സൂപ്പർ സീരീസ് ഫൈനലായിരുന്നു. സായ് പ്രണീതിന്റെ ആദ്യത്തേതും. ശ്രീകാന്ത് സെമിയിൽ കീഴടക്കിയതു ലോക 26–ാം നമ്പർ ആന്തണി സിനിസുക ഗിന്റിങ്ങിനെയാണ് (21–13, 21–14). സായി പ്രണീത് മറികടന്നതു കൊറിയയുടെ ലീ ഡോങ് ക്യൂണിനെയാണ് (21–6, 21–8). കൊറിയൻ മാസ്റ്റേഴ്സ് ഗ്രാൻപ്രീയിൽ മൂന്നുതവണ കിരീടമണിഞ്ഞിട്ടുള്ള ലീയെ നിലംതൊടീക്കാതെയാണു പ്രണീത് 38 മിനിറ്റിൽ പരാജയപ്പെടുത്തിയത്.
ലോക റാങ്കിങ്ങിൽ മുപ്പതാമനായ ബി. സായ് പ്രണീത് ഹൈദരാബാദ് സ്വദേശിയാണ്. ലോക ജൂനിയർ ചാംപ്യൻഷിപ്പ് വെങ്കലം (2010), സയ്യിദ് മോഡി ഇന്റർനാഷനൽ (2017), കാനഡ ഓപ്പൺ (2016), ബംഗ്ലദേശ് ഇന്റർനാഷനൽ (2016), ലാഗോസ് ഇന്റർനാഷനൽ (2016), ശ്രീലങ്ക ഇന്റർനാഷനൽ (2016) എന്നിവയാണ് ഇതിനു മുമ്പ് സായ് പ്രണീത് സ്വന്തമാക്കിയ കിരീടങ്ങൾ.

NO COMMENTS

LEAVE A REPLY