തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കുടിവെള്ള വിതരണത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ജല അതോറിറ്റി. ഇന്നുമുതല്‍ അരുവിക്കരയില്‍ നിന്നുള്ള പമ്പിംഗ് 25 ശതമാനം കുറച്ചു. കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ കുടിവെള്ള വിതരണത്തിനും വിനിയോഗത്തിനും ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. വേനല്‍ പകുതിയാകും മുന്‍പ് പേപ്പാറ അണക്കെട്ടില്‍ നിന്നുള്ള കാഴ്ച. വറ്റി വരണ്ട ജലസംഭരണി. പേപ്പാറയില്‍ നിന്ന് വൈദ്യുതി ഉത്പാദന ശേഷം തുറന്നു വിടുന്ന വെള്ളം അരുവിക്കരയിലേക്കൊഴുക്കി അവിടെ നിന്ന് തലസ്ഥാന നഗരത്തിലേക്കെത്തിക്കുന്നതാണ് പതിവ്. നഗരത്തില്‍ വിതരണം ചെയ്യുന്ന 300 ദശ ലക്ഷം ലിറ്ററും വിവിധ ചെറുകിട പദ്ധതികളും ചേര്‍ത്ത് 400 ദശ ലക്ഷം ലിറ്ററാണ് തിരുവനന്തപുരം നഗരത്തിലെ പ്രതിദിന ജല ഉപയോഗം. ഇതനുസരിച്ച് ഇനി ഒരുമാസത്തേക്കുള്ള വെള്ളം പോലും അവശേഷിക്കുന്നില്ല. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് മണിവരെ പമ്പിംഗ് നിയന്ത്രണമുണ്ടാകും. താഴ്ന്ന പ്രദേശങ്ങളിലെ വിതരണം വാല്‍വു വഴി നിയന്ത്രിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.നെയ്യാര്‍ ഡാമില്‍ നിന്നുള്ള വെള്ളം അരുവിക്കരയിലേക്കെത്തിക്കാനുള്ള സാധ്യതകളും പരിഗണിക്കും. വരള്‍ച്ച മുന്‍നിര്‍ത്തി സംസ്ഥാനത്താകെ ജലവിനിയോഗത്തിന് കടുത്ത നിയന്ത്രണമുണ്ട്. കുടിവെള്ളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്. ജലദുരുപയോഗം തടയാന്‍ സ്ക്വഡുകളിറങ്ങും. കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനാണ് നിര്‍ദ്ദേശം . പാലക്കാട് മലപ്പുറം കാസര്‍കോട് ജില്ലകളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമെന്നാണ് ജലവിഭവകുപ്പിന്റെ വിലയിരുത്തല്‍.