പുതിയ വൈദ്യുതി നിരക്ക് ഇന്നു മുതല്‍

171

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിപ്പിച്ച വൈദ്യുതി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വീടുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 10 പൈസ മുതല്‍ 30 പൈസവരെയാണ് കൂട്ടിയത്.ഇന്നലെയാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പുതിയ നിരക്കുകള്‍ നിശ്ചിയിച്ച് ഉത്തരവിറക്കിയത്. ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്ക് മാത്രമാണ് റഗുലേറ്ററി കമ്മീഷന്‍ കൂട്ടിയത്.
50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 10 പൈസ കൂടും. 51 മുതല്‍ 100 യൂണിറ്റ് വരെ 20 പൈസയും, 100 യൂണിറ്റിന് മുകളില്‍ 30 പൈസയും കൂടും.എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക്, കുറഞ്ഞ വിലയ്‌ക്ക് വൈദ്യുതി നല്‍കും. ഇവര്‍ക്ക് യൂണിറ്റിന് 2 രൂപ 80 പൈസ നിരക്കിന് പകരം, ഒന്നര രൂപയ്‌ക്ക് വൈദ്യുതി നല്‍കും. കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതിക്ക് നിരക്ക് കൂട്ടിയിട്ടില്ല. ഭക്ഷ്യവിളകള്‍ക്ക് പുറമേ തോട്ടവിളകളേയും നിരക്ക് വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കി. വ്യാവസായിക ഉപഭോക്താക്കള്‍ക്കും നിരക്ക് കൂട്ടിയിട്ടില്ല.പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നത് വഴി കെഎസ് ഇബിക്കുള്ള ബാധ്യത കൂടുന്നത് കൊണ്ടാണ് നിരക്ക് കൂട്ടുന്നത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന വകയില്‍, പ്രതിമാസം 70 കോടി രൂപയാണ് കെഎസ്ഇബിയുടെ ബാധ്യത. പുതിയ നിരക്ക് വഴി പ്രതീക്ഷിക്കുന്നത് 550 കോടി രൂപയുടെ അധിക വരുമാനമാണ്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് വൈദ്യുതി നിരക്ക് കൂടുന്നത്.

NO COMMENTS

LEAVE A REPLY