തിരുവനന്തപുരം∙ ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്നു സിപിഎം. എല്ലാ ക്ഷേത്രങ്ങളുടെ കാര്യത്തിലും ഇതാണ് പാർട്ടി നിലപാട്. മുൻസർക്കാരിന്റെ നിലപാടിനോട് യോജിപ്പില്ല. സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തിൽ യുഡിഎഫ് സർക്കാരെടുത്ത നിലപാടിൽ തൽക്കാലം മാറ്റമില്ലെന്നു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനു കടകവിരുദ്ധമാണ് കോടിയേരിയുടെ നിലപാട്. ഒരു വിഭാഗം സ്ത്രീകൾക്കു ശബരിമലയിൽ പ്രവേശനം അനുവദിക്കാത്തതു നീതിനിഷേധമാണെന്ന് എൽഡിഎഫ് സർക്കാർ 2007 നവംബർ 13നു നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡും അന്ന് ഈ നിലപാടിനെ പിന്താങ്ങി.