മലപ്പുറം വര്‍ഗീയ മേഖലയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

294

മലപ്പുറം: മലപ്പുറം വര്‍ഗീയ മേഖലയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താന്‍ പറഞ്ഞതായി ഒരു ചാനല്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി വിശദീകരിച്ചു. മലപ്പുറം തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പല കാരണങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ മലപ്പുറം മണ്ഡലം ന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണം വരുന്ന മേഖല കൂടിയാണെന്നാണ് താന്‍ പറഞ്ഞതെന്നും കടകംപള്ളി വിശദീകരിക്കുന്നു. മുസ്ലീം ലീഗ് അവിടെ ന്യൂനപക്ഷ വര്‍ഗീയ അടിസ്ഥാനത്തിലുള്ള പ്രചാരണമാണ് നടത്തിയത്. ലീഗിന്റെ തട്ടകം കൂടിയാണത്. ആ അര്‍ത്ഥത്തില്‍ താന്‍ പറഞ്ഞത് അടര്‍ത്തിയെടുത്ത് കുപ്രചരണം നടത്തുകയാണ് ഒരു മത സംഘടനയുടെ ചാനലും, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും. ന്യൂനപക്ഷ വിഭാഗം ഒന്നടങ്കമോ, മലപ്പുറത്തെ മുഴുവന്‍ വോട്ടര്‍മാരോ മുസ്ലീം ലീഗിന് വോട്ട് ചെയ്തിട്ടില്ലല്ലോയെന്നും മന്ത്രി പറഞ്ഞു. ഇടതുപക്ഷ എംഎല്‍എമാര്‍ നിരവധിയുള്ള ജില്ലയാണ് മലപ്പുറം. ഇക്കഴിഞ്ഞ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ വര്‍ധനവ് നേടിയത് സഹിക്കാനാവാത്ത ചിലരാണ് വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത്. അന്തരിച്ച ഇ അഹമ്മദിനെ അപമാനിച്ചെന്നാണ് മറ്റൊരു പ്രചാരണം. ശാരീരിക അവശതകള്‍ ഉണ്ടായിരുന്ന അഹമ്മദിനെ മത്സരിപ്പിക്കുന്നതിനെതിരെ പൊതുതെരഞ്ഞെടുപ്പ് വേളയില്‍ ലീഗില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. ശാരീരിക അവശതകളുണ്ടായിട്ടും ലീഗില്‍ നിന്നു തന്നെ എതിര്‍പ്പുണ്ടായിട്ടും അഹമ്മദ് നേടിയ ഭൂരിപക്ഷം ഇത്തവണ കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയില്ല എന്ന് പറഞ്ഞതില്‍ നിന്ന് ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്യുകയാണ് ഉണ്ടായതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY