തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം പവര്‍കട്ടും ലോഡ് ഷെഡിംങ്ങും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി.
മുന്‍കൂട്ടി ഉള്ള ആസൂത്രണമാണ് പ്രതിസന്ധി ഒഴിവാക്കിയത്. ഈ വര്‍ഷം 3288 ദശലക്ഷം യൂണിറ്റിന്റെ കുറവാണ് ഉണ്ടായതെന്നും എം എം മണി നിയമസഭയില്‍ പറഞ്ഞു. കാലവര്‍ഷവും തുലാവര്‍ഷവും ദുര്‍ബലമായ സാഹചര്യത്തില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടായെങ്കിലും പവര്‍കട്ടോ ലോഡ് ഷെഡിംങ്ങോ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് 100 മെഗാവാട്ട് വൈദ്യുതി 24 മണിക്കൂറും ഇത് കൂടാതെ 100 മെഗാവാട്ട് വൈദ്യുതി രാത്രി 6 മണിക്കൂറും ലഭിക്കുന്നതിന് വേണ്ടി ഡീപ് ലേലം വഴി നടപടികള്‍ സ്വീകരിച്ചിരുന്നു. കേന്ദ്ര വൈദ്യുതോല്‍പ്പാദന നിലയങ്ങളില്‍ നിന്നും പ്രതിദിനം ശരാശരി 1300 മെഗാവാട്ട് വൈദ്യുതിയാണ് കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്തിന് ലഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.