ന്യൂഡല്‍ഹി: ടി.ടി.വി ദിനകരനെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പണം നല്കി തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായത്. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് ദിനകരനെ കസ്റ്റഡിയില്‍ വിട്ടത്. എ.ഐ.ഡി.എം.കെ അമ്മ വിഭാഗം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാണ് ശശികലയുടെ അനന്തരവനായ ദിനകരന്.
രണ്ടില ചിഹ്നം എ.ഐ.ഡി.എം.കെ അമ്മ വിഭാഗത്തിന് ലഭിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്. ബുധനാഴ്ച രാവിലെ ദിനകരനെ പോലീസ് അറസ്റ്റ് ചെയ്തത്. ദിനകരനൊപ്പം സുഹൃത്ത് മല്ലികാര്ജുനയും അറസ്റ്റിലായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ ഇടനിലക്കാരനായ സുകാഷ് ചന്ദ്രശേഖറുമായി കരാര്‍ ഉറപ്പിക്കാന്‍ ദിനകരനെ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മല്ലികാര്‍ജുന അറസ്റ്റിലായത്. 50 കോടി രൂപനല്‍കി തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ ദിനകരന് ശ്രമിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.