തിരുവനന്തപുരം: ജാതിയുടേയും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരു പറഞ്ഞ് കൈയേറ്റങ്ങള്‍ അനുവദിക്കരുതെന്ന് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്. മൂന്നാറില്‍ കൈയേറ്റത്തിന് രാഷ്ട്രീയക്കാര്‍ ഒത്താശ ചെയ്യുന്നുമുണ്ട്. കൈയേറ്റക്കാര്‍ താണ്ഡവമാടാത്ത നവീന മൂന്നാര്‍ ആണ് വേണ്ടതെന്നും വിഎസ് പറഞ്ഞു. ലക്കും ലഗാനുമില്ലാത്ത കൈയേറ്റം മൂന്നാറിനെ മൂന്നാറല്ലാതാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. പാവപ്പെട്ട ദളിതരും ആദിവാസികളും അടക്കമുള്ള ആയിരങ്ങള്‍ ഭൂമിക്കുവേണ്ടി സമരരംഗത്ത് വരുന്ന സമയത്താണ് പണാധിപത്യത്തിന്റെ മുഷ്കില്‍ കൈയേറ്റം നടത്തിക്കൊണ്ടിരിക്കുന്നതെന്നും വി എസ് വ്യക്തമാക്കി. മൂന്നാറിലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള നടപടികള്‍ വളരെ മുമ്ബേ സ്വീകരിച്ചതാണ്. അന്ന് വെട്ടിനിരത്തലുകാര്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു. അതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ മൂന്നാറില്‍ കാണുന്നതെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.