തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിയമിക്കണമെന്ന സുപ്രീം കോടതിവിധി നടപ്പാക്കാത്ത സർക്കാരിനെതിരേ ടി.പി.സെൻകുമാർ ഐഎഎസ് വീണ്ടും കോടതിയിലേക്ക്. തിങ്കളാഴ്ച സുപ്രീം കോടതിയിൽ ഹർജി നൽകാൻ സെൻകുമാർ തീരുമാനിച്ചതായാണ് സൂചന. തുടർ നടപടികളെക്കുറിച്ച് അദ്ദേഹം നിയമവിദഗ്ധരുമായി ആശയവിനിയമയം നടത്തിയിരുന്നു. സുപ്രീംകോടതി വിധിയെ സർക്കാർ മാനിക്കുന്നില്ലെന്നും സർവീസിൽനിന്നു വിരമിക്കാൻ രണ്ടുമാസം അവശേഷിക്കെ പുനർനിയമനം വൈകിപ്പിക്കുന്നതിലൂടെ സർക്കാർ വീണ്ടും നീതി നിഷേധം തുടരുകയാണെന്നും കോടതിയെ ബോധിപ്പിക്കാനാണ് സെൻകുമാറിന്റെ തീരുമാനം. കൂടാതെ തനിക്ക് നഷ്ടപ്പെട്ട 11 മാസത്തെ സർവീസ് കാലാവധി നീട്ടി നൽകണമെന്നും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടേക്കാം. നേരത്തെ കോടതിയോട് ഈ ആവശ്യം ഉന്നയിച്ചെങ്കിലും കാലാവധി നീട്ടി നൽകുന്ന കാര്യത്തിൽ കോടതി തീരുമാനം പറഞ്ഞില്ല. മന്ത്രിസഭയിലെ അംഗങ്ങൾക്കും സെൻകുമാറിനെ പോലീസ് മേധാവിയായി പുനർ നിയമനം നടത്തണമെന്ന നിലപാടാണ് ഉള്ളത്. എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല.