മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മന്ത്രി എം.എം മണി രാജിവെയ്ക്കുംവരെ സമരപ്പന്തലില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് പൊമ്പിളൈ ഒരുമൈ നേതൃത്വം വ്യക്തമാക്കി. നിരാഹാര സമരത്തെത്തുടര്‍ന്ന് ആരോഗ്യനില മോശമായതിനാല്‍ സമരക്കാരെ ബലം പ്രയോഗിച്ച് പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മന്ത്രി എം.എം മണി രാജിവെച്ച് മാപ്പ് പറയുംവരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പൊമ്പിളൈ ഒരുമൈ. അഞ്ച് ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ റിലേ സത്യാഗ്രഹം തുടങ്ങി. പകലും രാത്രിയും ഓരോരുത്തര്‍ വീതമാകും സത്യാഗ്രഹം ഇരിക്കുക. ആരോഗ്യനില തീര്‍ത്തും മോശമായതോടെയാണ് നിരാഹാര സമരത്തില്‍ നിന്ന് പിന്മാറിയത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സമരക്കാരെ ബലം പ്രയോഗിച്ച് പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാജേശ്വരിയെ രാവിലെ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗോമതിയെയും കൗസല്യയെയും ഉച്ചയോടെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചു. സമരപ്പന്തലില്‍ നിന്ന് മാറില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ഇവരെ ആംബുലന്‍സില്‍ കയറ്റാന്‍ പൊലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. ആശുപത്രിയിലെത്തിയ ഗോമതി ചികിത്സ വേണ്ടെന്ന നിലപാടിലായിരുന്നു. ഇതെത്തുടര്‍ന്ന് വൈകിട്ട് ഏഴ് മണിയോടെ ഇവരെ ആശുപത്രിയില്‍ നിന്ന് വിട്ടു. പിന്നീട് കെ.എസ്.ആര്‍.ടി.സി ബസില്‍ മൂന്നാറിലെത്തി. തുടര്‍ന്ന് സമരപ്പന്തലില്‍ ചേര്‍ന്ന പൊമ്പിളൈ ഒരുമൈ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് നിരാഹാര സമരം അവസാനിപ്പിച്ച് റിലേ സത്യാഗ്രഹം തുടങ്ങാന്‍ തീരുമാനിച്ചത്.