കോഴിക്കോട് ജില്ലയില്‍ നാളെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബന്ദ് ആചരിക്കും. ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നതെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ അറിയിച്ചു. രോഗികളുടെ ഒപ്പമെത്തുന്നവര്‍ ചികിത്സാ പിഴവാരോപിച്ച് ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്യുന്നത് വ്യാപകമാണെന്നാണ് ഐ.എം.എയുടെ പരാതി. ഇതില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ ബന്ദ്. കഴിഞ്ഞമാസം 23 ന് വടകര ആശാ ഹോസ്പിറ്റില്‍ രോഗിയുടെ കൂട്ടിരിപ്പുകാര്‍ ഡോക്ടറെ മര്‍ദ്ദിച്ച് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇത്തരത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ അതിക്രമം നടത്തുന്നത് ജാമ്യമില്ലാ കുറ്റമാണ്. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പരാതിപ്പെട്ടു.
മെഡിക്കല്‍ ബന്ദിന്‍റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗം ഒഴികെ ജോലി ബഹിഷ്കരിക്കും. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് പ്രതിഷേധം. ഐ.എം.എ കെ.ജി.എം.ഒ.എ, കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ ബന്ദുമായി സഹകരിക്കും