ദില്ലി: കോണ്‍ഗ്രസില്‍ പുതിയ പ്രവര്‍ത്തന ശൈലി വേണമെന്ന് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള നേതാക്കങ്ങള്‍ അവിടെ തങ്ങി പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം.
കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ക്കാണ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന തിരിച്ചടികള്‍ മറിടക്കാന്‍ പാര്‍ട്ടിയില്‍ ശൈലീ മാറ്റം വേണമെന്ന് രാഹുല്‍ നിര്‍ദ്ദേശിച്ചു. പ്രവര്‍ത്തന രീതിയില്‍ മാറ്റം വേണം. ബിജെപി തരംഗം തടയാന്‍ കഠിനാദ്ധ്വാനം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പി സി വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ള കര്‍ണാടകയുടെ ചുമതലയുള്ള നാല് സെക്രട്ടറിമാരുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച രണ്ട് മണിക്കൂര്‍ നീണ്ടു. അതിനിടെ സംഘടന തെരഞ്ഞെടപ്പിന്റെ മേല്‍നോട്ടത്തിനായി നിയോഗിച്ച പ്രദേശ് റിട്ടേണിംഗ് ഓഫിസര്‍മാര്‍ ഐഐസിസി ആസ്ഥാനത്ത് യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഈ മാസം ഒമ്പതിന് സംസ്ഥാനത്തെത്തുന്ന കേരളത്തിന്റെ ചുമതലയുള്ള വരണാധികാരി സുദര്‍ശന്‍ നാച്ചിയപ്പന്‍ രാഷ്‌ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കും. ഏത് തരത്തില്‍ സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യത്തില്‍ നേതാക്കളുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കും.