ദുബായ്: ദുബായില്‍ പന്ത്രണ്ടുവയസ്സില്‍ കൂടുതലുള്ള വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നേടാനും 15 മുതല്‍ 18 വയസ്സുള്ള വിദ്യാര്‍ഥികള്‍ക്ക് പെര്‍മിറ്റോടെ ജോലി ചെയ്യാനും അനുമതി. മുതിര്‍ന്നവര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തൊഴില്‍ പെര്‍മിറ്റുള്ള വിദ്യാര്‍ഥികള്‍ക്കും ബാധകമായിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി.
താത്കാലികം, പാര്‍ട്ട് ടൈം, ജുവനൈല്‍ എന്നിങ്ങനെ മൂന്നുതരത്തിലുള്ള തൊഴില്‍പെര്‍മിറ്റുകളുണ്ട്. വിദ്യാര്‍ഥികള്‍ 500 ദിര്‍ഹം ഫീസ് നല്‍കി രക്ഷിതാക്കളുടെ അനുമതിപത്രത്തോടൊപ്പം അപേക്ഷ നല്‍കണം. പരിശീലനമായാലും തൊഴിലായാലും വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം കമ്പനികള്‍ ഒരുക്കിക്കൊടുക്കണമെന്ന് ഉത്തരവില്‍ പറയുന്നു. താത്കാലിക പെര്‍മിറ്റുള്ളവര്‍ക്ക് ദിവസം ഏതാനും മണിക്കൂറുകളേ ജോലി ചെയ്യാനാവൂ. താത്കാലിക -ജുവനൈല്‍ വിഭാഗക്കാര്‍ക്ക് പെര്‍മിറ്റുകളുടെ കാലാവധി പരമാവധി ഒരു വര്‍ഷമാണ്. തദ്ദേശീയര്‍ക്കും വിദേശികള്‍ക്കും അപേക്ഷിക്കാം. തസ്ഹീല്‍ കേന്ദ്രങ്ങള്‍ ( സര്‍ക്കാറിന്റെ രേഖ പരിശോധനാ കേന്ദ്രം) മുഖേനയോ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍ മുഖേനയോ അപേക്ഷ നല്‍കാം.
31 വിഭാഗം തൊഴിലുകളില്‍ വിദ്യാര്‍ഥികളെ വിലക്കിയിട്ടുണ്ട്. ഇവരെ ദിവസം പരമാവധി ആറുമണിക്കൂറേ ജോലിചെയ്യിക്കാവൂ; തുടര്‍ച്ചയായി നാലുമണിക്കൂറിലധികംപാടില്ല. ഭക്ഷണം, പ്രാര്‍ഥന തുടങ്ങിയവയ്ക്കായി ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവേള അനുവദിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
രാജ്യത്തെ മാനവവിഭവശേഷി വികസനവും ജനങ്ങളുടെ ഉത്പാദനക്ഷമതയും പങ്കാളിത്തവും വര്‍ധിപ്പിക്കുകയുമാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവവിഭവശേഷി മന്ത്രി സഖര്‍ ഗൊബാഷ് പറഞ്ഞു. ഇതിനായി 2011-ലെ തൊഴില്‍നിയമം ഭേദഗതി ചെയ്തു.