തിരുവനന്തപുരം: മുഖ്യമന്ത്രിയും ഡിജിപി ടിപി സെന്‍കുമാറും തമ്മിലുള്ള കൂടികാഴ്ച ഇന്ന്. വൈകുന്നേരം 4.30 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് കൂടികാഴ്ച നടക്കുക. ഡിജിപി സ്ഥാനത്തേക്ക് സെന്‍കുമാര്‍ മടങ്ങിയെത്തിയതിന് ശേഷമുള്ള ആദ്യ കൂടികാഴ്ചയാണിത്. സര്‍ക്കാരും പൊലീസ് മേധാവിയും തമ്മില്‍ ഭിന്നതകള്‍ നിലനില്‍ക്കവെ തന്നെ ഈ കൂടികാഴ്ച നിര്‍ണായകമായിരിക്കും. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്ഥവയെ നിയമിച്ചതില്‍ സെന്‍കുമാര്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടിക്കാഴ്ചയില്‍ ഇതും ചര്‍ച്ചയായേക്കും. സര്‍ക്കാരിന്റെ പൊലീസ് നയം, പൊലീസില്‍ വരുത്താനുദ്ധേശിക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയവ മുഖ്യമന്ത്രി സെന്‍കുമാറിനെ അറിയിക്കും. പൊലീസ് മേധാവി സ്ഥാനത്തേക്ക് ടി പി സെന്‍കുമാര്‍ തിരിച്ചെത്തിയത് സര്‍ക്കാരിന് തലവേദനയാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ അധികാരമേറ്റ് ആറ് ദിവസം പിന്നിടുമ്പോഴാണ് പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ടിപി സെന്‍കുമാറിനെ നീക്കുന്നത്. ഇതേ സെന്‍കുമാര്‍ തന്നെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ വേളയില്‍ തന്നെ കോടതി വിധിയോടെ പൊലീസ് മേധാവിയായി തിരിച്ചെത്തുമ്പോള്‍ സര്‍ക്കാരിനുണ്ടാക്കുന്ന പ്രതിസന്ധി കടുത്തതാണ്.