ഹീര കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് അനധികൃതമായി നികുതി ഇളവ് നല്‍കിയ വാണിജ്യനികുതി അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

235

തിരുവനന്തപുരം • വാണിജ്യനികുതി വകുപ്പിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. തിരുവനന്തപുരത്തെ ഫ്ളാറ്റ് നിര്‍മ്മാതാക്കളായ ഹീര കണ്‍സ്ട്രക്ഷന്‍ കമ്ബനിക്ക് അനധികൃതമായി നികുതി ഇളവ് നല്‍കിയതിനാണ് സസ്പെന്‍ഷന്‍. തിരുവനന്തപുരം സ്പെഷ്യല്‍ സര്‍ക്കിളിലെ അസിസ്റ്റന്റ് കമ്മീഷണറായ ശ്രീമതി. ശ്രീബിന്ദു, കൊല്ലം സ്പെഷ്യല്‍ സര്‍ക്കിളിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ. സി. ശശികുമാര്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സബ്കോണ്‍ട്രാക്‌ട് ചെയ്ത നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് നികുതി അടച്ചതായി തെറ്റായി സാക്ഷ്യപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ഒറിജിനല്‍ കരാറുകാരന്റെ നികുതിയില്‍ കുറവു നല്‍കുകയും ചെയ്തതിനാണ് നടപടി. മുന്‍ വര്‍ഷങ്ങളിലെ രേഖകള്‍ ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്‍ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടര്‍ന്നാണ് വിവിധ വര്‍ഷങ്ങളിലായി ഏകദേശം 50 കോടിക്ക് നല്‍കേണ്ട നികുതിയില്‍ ഇളവു നല്‍കിയതായി കണ്ടെത്തിയത്. അനധികൃതമായി നല്‍കിയ ഫോറം 20 എച്ച്‌ ന്റെ പിന്‍ബലത്തിലാണ് വേണ്ടത്ര പരിശോധന ഒഴിവാക്കി കോടിക്കണക്കിന് വിറ്റുവരവ് വെട്ടിക്കുന്നതിന് ഈ ഉദ്യോഗസ്ഥര്‍ ഒത്താശ നല്‍കിയത്. ധനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അന്വേഷണ വിധേയമായി ഇവരെ സസ്പെന്റ് ചെയ്തത്. സമാന സ്വഭാവത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ അനധികൃത നികുതി ഇളവ് നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കുവാന്‍ നികുതി വകുപ്പ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY