മുത്തലാക്ക് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണോ എന്ന വിഷയത്തില്‍ സുപ്രീം കോടതി ഇന്നുമുതല്‍ വാദം കേട്ടുതുടങ്ങും. ചീഫ് ജസ്റ്റിസ് ജെ.എസ് കഹാറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. വേനലവധിക്ക് സുപ്രീം കോടതി അടച്ചെങ്കിലും മുത്തലാഖ് വിഷയത്തില്‍ ഈ സമയത്ത് വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കുകയായിരുന്നു. കോടതിയെ സഹായിക്കാനുള്ള അമിക്കസ് ക്യൂറിയായി മുന്‍ നിയമമന്ത്രി സല്മാന് ഖുര്‍ഷിദിനെ നിയോഗിച്ചിരുന്നു. മുത്തലാഖ് മതവിഷയത്തിലുള്ള ഭരണഘടനയിലെ മൗലിക ആവകാശത്തിന് കീഴില്‍ വരുമോ എന്ന ചോദ്യത്തിനാവും സുപ്രീം കോടതി പ്രധാനമായും ഉത്തരം പറയുക. ഇതോടൊപ്പം വ്യക്തിനിയമം മൗലികാവകാശത്തില്‍ ഉള്‍പ്പെടുമോ, ഇന്ത്യ അംഗീകരിച്ച അന്താരാഷ്ട്ര ഉടമ്പടികളുമായി ഒത്തുപോകുന്നതാണോ മുത്തലാഖ് എന്നീ ചോദ്യങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍നിന്ന് വ്യക്തത നേടുന്നുണ്ട്. അഞ്ച് മതവിഭാഗങ്ങളില്‍ നിന്നുള്ള ജഡ്ജിമാരെയാണ് അഞ്ചംഗബഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.