കാസർകോട്: ബന്തിയോട്ടെ വ്യാപാരിയെ പട്ടാപ്പകൽ കടയിൽ കയറി കൊലപ്പെടുത്തിയ കേസിൽ നാലു പേർ അറസ്റ്റിൽ. ഒട്ടേറെ കവർച്ചക്കേസുകളിലെ പ്രതിയായ ചെർക്കള ചൂരിമൂലയിലെ ഉമറുൽ ഫാറൂഖ്(34), പൊവ്വലിലെ നൗഷാദ്(33), ചെങ്കള റഹ്മത്ത് നഗറിലെ അഷറഫ്(23), തളങ്കര സിറാമിക്സ് റോഡിലെ ഹാരിഫ് (അച്ചു–34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ നാലിനു രണ്ടര മണിക്കാണ് ബന്തിയോട്–ധർമ്മത്തടുക്ക റോഡിൽ ജി.കെ. ജനറൽ സ്റ്റോർ ഉടമ രാമകൃഷ്ണ മൂല്യയെ (52) ഇവര്‍ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. നിലവിളി കേട്ടു പരിസരവാസികളെത്തുന്നതിനു മുൻപു സംഘം കാറിൽ കയറി രക്ഷപ്പെട്ടു. പരുക്കേറ്റ രാമകൃഷ്ണയെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടു പോകവെയാണു മരിച്ചത്. വിദ്യാനഗറിലെ ഒരു പന്തൽ പണിക്കാരുടെ കാർ വാടകയ്ക്കെടുത്ത് എത്തിയതായിരുന്നു കൊലയാളി സംഘമെന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു. രാമകൃഷണ മൂല്യയുടെ കടയുടെ സമീപത്തെ ഒരു ഭണ്ഡാരത്തിൽനിന്നു പണം കവരുന്നതിനിടെ കേസിലെ മുഖ്യപ്രതിയായ ഉമറുൽ ഫാറൂഖിനെയും സംഘത്തെയും നാട്ടുകാർ നേരത്തെ പിടികൂടിയിരുന്നു. ഇതു സംബന്ധിച്ചു പൊലീസിൽ ഉമറുൽ ഫാറൂഖിനെതിരെ പരാതി നൽകിയതു രാമകൃഷണനായിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിനിടയാക്കിയത്.