തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പെട്രോള്‍ പമ്പ് സമരം. എണ്ണ കമ്പനികള്‍ പമ്പുടമകള്‍ക്ക് നല്കുന്ന കമ്മീഷന് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പമ്പുടമകളുടെ സമരം. സംസ്ഥാനത്തെ ഭൂരിപക്ഷം പമ്പുകളും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ അടച്ചിടും.ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ കീഴിലുള്ള 1,500 ഓളം പെട്രോള്‍ പമ്പുകളാണ് 24 സമരത്തില്‍ പങ്കെടുക്കുന്നത്. ഡീലര്‍ കമ്മീഷന് വര്‍ദ്ധിപ്പിക്കുക, ബാഷ്പീകരണ നഷ്ടം തടയാന്‍ നടപടി എടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക തുടങ്ങി ഒമ്പത് സംസ്ഥാനങ്ങളും പുതുച്ചേരി, ദില്ലി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഒരു വിഭാഗം പമ്പുകളും നാളെ അടച്ചിടും. എണ്ണക്കമ്പനികളുടെ ഏകപക്ഷീയ നടപടികള്‍ക്ക് എതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ ഭാഗമായി മെയ് പത്തിന് എകെഎഫ്പിടി വഞ്ചന ദിനം ആചരിച്ചിരുന്നു. സംസ്ഥാനത്തെ 95% ഡീലര്‍മാരും എണ്ണ കമ്പനിയില്‍നിന്ന് ഇന്ധനമെടുക്കാതെയായിരുന്നു പ്രതിഷേധം. നാളത്തെ സമരത്തിലും എണ്ണക്കമ്പനികള്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ എല്ലാ ഞായറാഴ്ചകളിലും പമ്പുകള്‍ അടയ്ക്കാനാണ് എകെഎഫ്പിടിയുടെ ആലോചന. അതേസമയം കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന് സമരത്തില്‍ പങ്കെടുക്കുന്നില്ല. സ്വകാര്യ എണ്ണക്കമ്പനികളുടെ പമ്പുകളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പമ്പുകളും അടക്കം 600ഓളം പമ്പുകള്‍ സംസ്ഥാനത്ത് നാളെ തുറക്കും.