ഹാഫിസ് സയിദ് ജിഹാദിന്റെ പേരില്‍ ഭീകരവാദം വളര്‍ത്തുന്നുവെന്ന് പാകിസ്ഥാന്‍

244

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാത് ഉദ് ദവാ തലവനുമായ ഹാഫിസ് സയിദിനെയും നാലു അനുയായികളെയും പാകിസ്ഥാന്‍ തടങ്കലിലാക്കി. ജിഹാദിന്റെ പേരില്‍ ഹാഫിസ് സയിദ് ഭീകരവാദം വളര്‍ത്തുന്നുവെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം പറഞ്ഞു. പാക് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന് മുമ്പാകെയാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. തന്നെ തടങ്കലിലാക്കിയതിനെതിരെ ഹാഫിസ് സയിദ് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു. കശ്‌മീരികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതിനാണ് തന്നെ തടങ്കലിലാക്കിയതെന്നാണ് സയിദിന്റെ വാദം. എന്നാല്‍ സയിദിന്റെ വാദം പാക് അഭ്യന്തരമന്ത്രാലയം തള്ളി. സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സയിദിന്റെയും കൂട്ടാളികളുടെയും തടങ്കല്‍ തുടരാന്‍ മൂന്നംഗ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ് ഉത്തരവിട്ടത്. ഈ കേസില്‍ നാളെ വാദം തുടരും. വിശദമായ വാദത്തിന് ശേഷമായിരിക്കും ഹാഫിസ് സയിദിനെയും കൂട്ടരെയും വിട്ടയയ്‌ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. പാകിസ്ഥാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്നതാണ് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ്.

NO COMMENTS

LEAVE A REPLY