സുരേഷ് ഗോപി കേരളത്തെ കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി

256

തിരുവനന്തപുരം: ബി.ജെ.പിയുടെ രാജ്യസഭാംഗം സുരേഷ് ഗോപി മുംബയില്‍ ചെന്ന് കേരളത്തെ കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എം.പി ഫണ്ട് വിനിയോഗിക്കാന്‍ എന്ത് തടസമാണ് ഉണ്ടായതെന്നും അതിലൂടെ ഏത് പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
എം പി ഫണ്ട് വിനിയോഗിക്കാന്‍ എന്ത് തടസമുണ്ടായാലും അത് പരിഹരിച്ച്‌ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സുരേഷ് ഗോപിക്ക് സര്‍ക്കാരിന്റെ സഹായമുണ്ടാകും. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറാകും എന്ന് പ്രതീക്ഷിക്കുന്നതായും പിണറായി പറഞ്ഞു. ‘മാക്രിക്കൂട്ടം’ തടസം നില്‍ക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബി.ജെ.പിക്ക് ജനപ്രതിനിധിയും തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണ നേതൃത്വവുമുള്ള സംസ്ഥാനമാണ് കേരളം . അവിടെ എവിടെയെങ്കിലും ദുരനുഭവമുണ്ടായോ? കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ നാടകമാണ് എന്നാരോപിക്കുമ്ബോള്‍, സമാധാന ചര്‍ച്ചയില്‍ പങ്കാളികളായ ബി.ജെ.പിയുടെ കേരള നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ സുരേഷ് ഗോപി ഉദ്ദേശിക്കുന്നത്? സ്വന്തം പാര്‍ട്ടിയെക്കുറിച്ചെങ്കിലും അവശ്യം വേണ്ട വിവരങ്ങള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാണോ ഈ പ്രസ്താവന എന്ന് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

NO COMMENTS

LEAVE A REPLY