തിരുവനന്തപുരം: രണ്ട് വള്ളത്തിൽ കാലു ചവിട്ടുന്നവരെ പേറേണ്ട ആവശ്യം കോണ്‍ഗ്രസിനില്ലെന്ന് കെ.മുരളീധരൻ എംഎൽഎ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരേ കേസ് കൊടുത്തയാൾക്കും കേസിൽ ശിക്ഷ അനുഭവിച്ചയാൾക്കും ഇന്ന് ഒരേ പദവിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും വലിയ ആരോപണമായിരുന്നു ബാർ കോഴ. ബാർ കോഴയിൽ ആരോപണ വിധേയരായവരെ കൂടെ കൂട്ടിയതിലൂടെ അഴിമതിക്കാരോടൊപ്പം കൂട്ടുകൂടാൻ മടിയില്ലെന്നു കമ്യൂണിസ്റ്റ് പാർട്ടി തെളിയിച്ചുകഴിഞ്ഞു- മുരളീധരൻ പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ലക്ഷ്യമെന്ന് മോദി പരസ്യമായി പറഞ്ഞെങ്കിൽ കോണ്‍ഗ്രസ് മുക്തകേരളം എന്നതാണ് പിണറായിയുടെ മനസിലെന്നും അദ്ദേഹം വ്യക്തമാക്കി.